Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂർ, കരുണ മെഡിക്കൽ ബിൽ: സർക്കാരിന്റേത് കോടതിയലക്ഷ്യമെന്ന് സുപ്രീംകോടതി

PTI1_12_2018_000153A

ന്യൂഡൽഹി∙ കണ്ണൂർ, കരുണ മെഡിക്കല്‍ ബില്ലിൽ സംസ്ഥാന സർക്കാരിനു സുപ്രീംകോടതിയുടെ രൂക്ഷവിമർശനം. ബില്‍ പരിഗണിക്കാന്‍ ഗവർണർക്കു നിര്‍ദേശം നൽകില്ലെന്നു സുപ്രീംകോടതി നിലപാടറിയിച്ചു. ബിൽ കൊണ്ടുവന്ന സർക്കാർ നടപടി കടുത്ത കോടതി അലക്ഷ്യമാണെന്നും സർക്കാരിന്റെ ആവശ്യം തള്ളിക്കൊണ്ടു കോടതി നിരീക്ഷിച്ചു.

അതേസമയം, കേസ് വേഗം തീർപ്പാക്കണമെന്ന വിദ്യാർഥികളുടെ ആവശ്യവും തള്ളി. ഹർജി പരിഗണിക്കുന്നതിനിടെ അഭിഭാഷകരെയും കോടതി വിമർശിച്ചു. കോടതിയെ ചാനൽ ചർച്ചകളിൽ അധിക്ഷേപിക്കുന്നതു പതിവാകുകയാണ്. യുവ അഭിഭാഷകർ വായിൽതോന്നുന്നതൊക്കെ വിളിച്ചു പറയുകയാണെന്നും കോടതി വ്യക്തമാക്കി. 

രണ്ടു മെഡിക്കൽ കോളജുകളിലുമായി 2016–17ൽ ക്രമവിരുദ്ധമായി എംബിബിഎസിനു പ്രവേശനം ലഭിച്ച 180 വിദ്യാർഥികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ കഴിഞ്ഞ ഒക്ടോബറിൽ കൊണ്ടുവന്ന ഓർഡിനൻസ് കഴിഞ്ഞ മാസം അഞ്ചിനു സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. അതിനാൽ, ഓർഡിനൻസിനു പകരമായി നിയമസഭ പാസ്സാക്കിയ ബില്ലിൽ ഒപ്പുവയ്ക്കാൻ ഗവർണർ തയാറായില്ല. വിദ്യാർഥികളുടെ നിവേദനവും രാഷ്ട്രീയ നേതാക്കളിലൂടെ ലഭിച്ച നിവേദനങ്ങളും കണക്കിലെടുത്താണു കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളുമായി ബന്ധപ്പെട്ട ഓർഡിനൻസ് ഇറക്കിയതെന്നു സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.