തിയറ്ററിൽ കുട്ടിയെ എത്തിച്ചത് പീഡിപ്പിക്കാൻ തന്നെ: കുറ്റം സമ്മതിച്ച് പ്രതികൾ

സിനിമാ തിയറ്ററിൽ പത്തു വയസ്സുകാരിയെപീഡിപ്പിച്ച സംഭവത്തിൽ പൊലീസ് പിടികൂടിയ മൊയ്തീൻകുട്ടി, ഇൻസെറ്റിൽ എസ്ഐ കെ.ജി.ബേബി

മലപ്പുറം∙ എടപ്പാളിലെ തിയറ്ററിൽ പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവത്തിൽ പ്രതികളായ തൃത്താല കാങ്കുന്നത്ത് മൊയ്തീനും കുട്ടിയുടെ അമ്മയും കുറ്റം സമ്മതിച്ചതായി പൊലീസ്. കുട്ടിയെ അമ്മ തിയറ്ററിലെത്തിച്ചത് പീഡിപ്പിക്കാനുള്ള ഉദ്ദേശ്യത്തോടെത്തന്നെയാണെന്നും പൊലീസ് വ്യക്തമാക്കി. അതിനിടെ പരാതി നൽകിയിട്ടും കേസെടുക്കാൻ വൈകിയതിന്റെ പേരിൽ ചങ്ങരംകുളം എസ്ഐ കെ.ജി.ബേബിക്കെതിരെ പോക്സോ ചുമത്തുന്ന കാര്യം പിന്നീട് തീരുമാനിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം നേരത്തേ ഡിജിപി ലോക്നാഥ് ബെഹ്റ നൽകിയിരുന്നു. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ബേബി നിലവിൽ സസ്പെൻഷനിലാണ്.

അമ്മയും അറസ്റ്റിൽ

തിയറ്ററിലേക്ക് കുട്ടിയെ കൊണ്ടു വന്ന അമ്മയെ ഞായറാഴ്ച രാവിലെയാണു പ്രതി ചേർത്തത്. സിനിമ കണ്ടിരുന്നതിനാൽ പീഡനം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഇവരുടെ മൊഴി. കുട്ടിയുടെ അമ്മയ്ക്കു ദീർഘനാളായി മുഖ്യപ്രതി മൊയ്തീനുമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതേസമയം, എടപ്പാളിലെ തിയറ്ററിൽ പത്തുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ ആരെയും രക്ഷപ്പെടാനനുവദിക്കില്ലെന്ന് ‍ഡിജിപി പറഞ്ഞു. കേസിൽ ഗൗരവമായ അന്വേഷണം നടക്കുകയാണ്. പൊലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. 

കുട്ടിയെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ്. വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ തിയറ്ററിലും ചങ്ങരംകുളം പോലീസ് സ്റ്റേഷനിലും സന്ദർശനം നടത്തി. സമയോചിതമായി വിവരം അധികൃതരെ അറിയിച്ച തിയറ്റർ ഉടമകളെ ജോസഫൈൻ അഭിനന്ദിച്ചു. തിരൂർ ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

കഴിഞ്ഞ മാസം 18നാണു തിയറ്ററിനകത്ത് കുട്ടി പീഡനത്തിന് ഇരയായത്. 25ന് തിയറ്റർ ഉടമകൾ വിവരം  ദൃശ്യങ്ങൾ സഹിതം ചൈൽഡ്‌ലൈനിനു കൈമാറി. 26നു തന്നെ കേസെടുക്കാനുള്ള ശുപാർശയും ദൃശ്യങ്ങളും ചൈൽഡ്‌ലൈൻ പൊലീസിനു കൈമാറിയെങ്കിലും ഇന്നലെ, സംഭവം വിവാദമായ ശേഷമാണ് പൊലീസ് കേസെടുത്തത്. സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മിഷൻ പൊലീസിനെ രൂക്ഷമായ ഭാഷയിലാണ് വിമർശിച്ചത്. ജില്ലാ പൊലീസ് മേധാവി മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനനടപടിയെടുക്കണമെന്നും കമ്മിഷൻ ചെയർമാൻ  പി.മോഹനദാസ് ആവശ്യപ്പെട്ടു. 

അതിനിടെ പീഡനത്തിനെതിരെ വിഡിയോ സഹിതം പരാതി നൽകിയിട്ടും കേസെടുക്കാതിരുന്ന പൊലീസിനെതിരെ രൂക്ഷവിമർശനമാണുയരുന്നത്. കേസുമായി ബന്ധപ്പെട്ടു പാലിക്കേണ്ട ചട്ടങ്ങളും മാർഗരേഖയും കാറ്റിൽപ്പറത്തിയായിരുന്നു പൊലീസിന്റെ നീക്കം. തെളിവു സഹിതം പരാതി നൽകിയിട്ടും കേസെടുത്തില്ല. പ്രതിയെ കണ്ടെത്താൻ യാതൊന്നും ചെയ്തില്ല. സ്ത്രീയെയും കുട്ടിയെയും അന്വേഷിച്ചു കണ്ടെത്താനും തയാറായില്ല. ബാലപീഡനങ്ങൾ പരാതിയായി ലഭിക്കുമ്പോൾ പാലിക്കേണ്ട മാർഗരേഖകളും അവഗണിച്ചു.

സംഭവം ഇങ്ങനെ:

കഴിഞ്ഞ ഏപ്രിൽ 18ന് എടപ്പാളിലെ തിയേറ്ററിലാണ് കേസിനാസ്‌പദമായ സംഭവം. സ്‌ത്രീയും കുട്ടിയും ആദ്യം തിയറ്റിലെത്തുകയും പിന്നീട് പ്രതി ആഡംബരകാറിൽ എത്തുകയുമായിരുന്നു. മുതിർന്ന സ്‌ത്രീക്കൊപ്പമെത്തിയ പെൺകുട്ടിയെ തൊട്ടടുത്ത സീറ്റിലിരുന്ന മധ്യവയസ്‌കൻ ഉപദ്രവിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്‌തമാണ്. 25ന് തിയറ്റർ ഉടമകൾ വിവരം ചൈൽഡ്‌ലൈനിനെ അറിയിക്കുകയും ദൃശ്യങ്ങൾ കൈമാറുകയും ചെയ്തു.

മുൻകൂർജാമ്യത്തിനായി അഭിഭാഷകനെ തേടിപ്പോകുന്നതിനിടെയാണ് മൊയ്തീൻകുട്ടി അറസ്റ്റിലായത്. പ്രതി വിദേശത്തേക്കു കടക്കാൻ പദ്ധതിയിട്ടിരുന്നതായി പിടികൂടിയ പാലക്കാട് പൊലീസ് പറഞ്ഞു. രാത്രി കുറ്റിപ്പുറം സ്‌റ്റേഷനിലെത്തിച്ചു ചോദ്യംചെയ്‌തു. പിന്നീട് പൊന്നാനി സ്‌റ്റേഷനിലേക്കു മാറ്റി. സ്റ്റേഷനിലേക്കു യൂത്ത് കോൺഗ്രസും ബിജെപിയും മാർച്ച് നടത്തി.