ലണ്ടൻ∙ എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകൻ ഹാരി രാജകുമാരനും ഹോളിവുഡ് താരസുന്ദരി മേഗൻ മാർക്കിളും തമ്മിലുള്ള വിവാഹം വിൻസർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ ആഘോഷമായി നടന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് (ഇന്ത്യൻ സമയം വൈകിട്ട് നാലര) ആയിരുന്നു വിവാഹം. എലിസബത്ത് രാജ്ഞിയുൾപ്പെടെ ക്ഷണിക്കപ്പെട്ട 600 അതിഥികളെ സാക്ഷിയാക്കി ഇരുവരും വിവാഹ മോതിരം കൈമാറി. അഭിനേതാക്കളായ ഇഡ്രിസ് എൽബാ, ജോർജ് ക്ലൂണി, ഗായകൻ എൽട്ടൻ ജോൺ, ഫുട്ബോള്‍ താരം ഡേവിഡ‍് ബെക്കാം, ഭാര്യ വിക്ടോറിയ ബെക്കാം, ടെന്നീസ് താരം സെറീന വില്യംസ്, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു.
രണ്ടാം കിരീടാവകാശിയായ സഹോദരൻ വില്യം രാജകുമാരന്റെ വിവാഹം പോലെതന്നെ എല്ലാ ആഡംബരങ്ങളും പാരമ്പര്യങ്ങളും അഘോഷങ്ങളും ഉൾക്കൊള്ളിച്ചാണ് ഹാരിയുടെയും വിവാഹം നടന്നത്. ഹൃദയശസ്ത്രക്രിയയെത്തുടർന്ന് വിശ്രമിക്കുന്ന, മേഗന്റെ പിതാവ് തോമസ് മാർക്കിളിന്റെ അസാന്നിധ്യത്തിൽ ഹാരിയുടെ പിതാവ് ചാൾസ് രാജകുമാരനാണു പുതിയ മരുമകളെ സെന്റ് ജോർജ് ചാപ്പലിന്റെ ഇടനാഴിയിലൂടെ അൾത്താരയ്ക്കു മുന്നിലെ വിവാഹമണ്ഡപത്തിലേക്ക് ആനയിച്ചത്. ബ്രിട്ടിഷ് ഡിസൈനർ ക്ലെയർ വൈറ്റ് കെല്ലര്‍ ഡിസൈന്‍ ചെയ്ത വസ്ത്രമണിഞ്ഞാണ് മേഗൻ മാർക്കിൾ വിവാഹത്തിനെത്തിയത്.
ഫിലിപ്പ് രാജകുമാരനും ചടങ്ങിനെത്തി. അടുത്തിടെ ഇടുപ്പെല്ല് ശസ്ത്രക്രിയയ്ക്കു വിധേയനായ ഫിലിപ്പ് രാജകുമാരൻ വിശ്രമത്തിലായിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം അദ്ദേഹത്തിന്റെ ആദ്യത്തെ പൊതു പരിപാടിയാണ് ഹാരിയുടെ വിവാഹം. ഇന്നലെ രാവിലെ മേഗനും മാതാവ് ഡോറിയ റാഗ്ലാൻഡും ഹാരിയോടൊപ്പം എലിസബത്ത് രാജ്ഞിയെ സന്ദർശിച്ചിരുന്നു. ഹോളിവുഡ് താരങ്ങളുൾപ്പെടെയുള്ള നിരവധി സെലിബ്രിറ്റികളാണു വിവാഹത്തിൽ പങ്കെടുത്തത്.
വിവാഹശേഷം ഹാരിയും മേഗനും പൊതുജനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് വിന്‍സറിലൂടെയുള്ള പരേഡിലും പങ്കെടുത്തു. എലിസബത്ത് രാജ്ഞിയുടെ മൂത്തമകൻ ചാൾസ് രാജകുമാരന്റെയും കാറപകടത്തിൽ കൊല്ലപ്പെട്ട ഡയാന രാജകുമാരിയുടെയും രണ്ടാമത്തെ മകനാണ് 33 വയസുള്ള ഹാരി രാജകുമാരൻ. ഹോളിവുഡിലെ ലൈറ്റിങ് ഡയറക്ടറായ തോമസ് മാർക്കിളിന്റെയും സാമൂഹിക പ്രവർത്തകയും ക്ലിനിക്കൽ തെറാപ്പിസ്റ്റുമായ ഡോറിയ റാഗ്ലാൻഡിന്റെയും മകളാണ് മേഗൻ. ഹാരിയേക്കാൾ മൂന്നുവയസു മുതിർന്നതാണ് മേഗൻ. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ നവംബറിലാണ് വിവാഹതീരുമാനം പരസ്യമാക്കിയത്.