അഗളി∙ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. പതിനാറു പ്രതികള്‍ക്കെതിരെയും കൊലപാതകക്കുറ്റം ചുമത്തിയുളളതാണു കുറ്റപത്രം. സാക്ഷിമൊഴികളും ശാസ്ത്രീയതെളിവുകളും വാഹനങ്ങളുമൊക്കെ പ്രതികള്‍ക്കെതിരെ തെളിവുകളായുണ്ട്. എന്നാല്‍ വനംജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന ആക്ഷേപം ശരിവയ്ക്കുന്നതൊന്നും കുറ്റപത്രത്തിലില്ല.
മുക്കാലി പൊട്ടിക്കല്‍ ഗുഹയില്‍ കഴിഞ്ഞിരുന്ന മധു ഫെബ്രുവരി 22 നാണ് ആള്‍ക്കൂട്ടത്തിന്റെ വിചാരണയ്ക്കും മര്‍ദനത്തിനും ഇരായായത്. കേസിലാകെ പതിനാറു പ്രതികളാണുള്ളത്‍. മേച്ചേരിയില്‍ ഹുസൈന്‍, കിളയില്‍ മരയ്ക്കാര്‍, പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, താഴുശേരില്‍ രാധാകൃഷ്ണന്‍, വിരുത്തിയില്‍ നജീവ്, മണ്ണമ്പറ്റയില്‍ ജെയ്ജുമോന്‍, കരിക്കളില്‍ സിദ്ദിഖ്, പൊതുവച്ചോലയില്‍ അബൂബക്കര്‍ എന്നിവരാണ് കേസിലെ മുഖ്യപ്രതികളും മര്‍ദിച്ചവരും. കൊലപാതകക്കുറ്റവും പട്ടികവര്‍ഗ പീഡന നിരോധന നിയമവും പ്രതികള്‍ക്കെതിരെ ചുമത്തി.
മരണത്തിനു കാരണമായ പതിനഞ്ചു മുറിവുകള്‍ മധുവിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതായി കുറ്റപത്രത്തിലുണ്ട്. മധുവിനെ പൊലീസിനു കൈമാറുന്നതുവരെ പ്രതികള്‍ ദൃശ്യങ്ങൾ പകര്‍ത്തിയ എട്ടു മൊബൈല്‍ ഫോണുകളും 165 പേരുടെ മൊഴിയും തെളിവാണ്. മുക്കാലി ജംക്‌ഷനിലെ മൂന്നു സിസിടിവി ക്യാമറകളും പ്രതികള്‍ സഞ്ചരിച്ച അഞ്ചു വാഹനങ്ങളും ഉള്‍പ്പെടുത്തി.
അതേസമയം, മധുവിനെ അക്രമികള്‍ക്ക് കാണിച്ചുകൊടുത്തത് വനംജീവനക്കാരനാണെന്നും ഇവരെ കേസില്‍ ഉള്‍പ്പെടുത്തണമന്നും ആവശ്യമുയര്‍ന്നിരുന്നു. ഇതു നിഷേധിക്കുന്നതാണ് കുറ്റപത്രം. വനത്തില്‍ അതിക്രമിച്ചുകയറിയതിന് വനംവകുപ്പ് പ്രത്യേകം കേസെടുത്തതിനാല്‍ പൊലീസ് ഉള്‍പ്പെടുത്തിയിട്ടില്ല. കൊലപാതകം നടന്ന് തൊണ്ണൂറാം ദിവസം 11,640 പേജുളള കുറ്റപത്രമാണ് അന്വേഷണ ഉദ്യോഗസ്ഥനായ അഗളി ഡിവൈഎസ്പി മണ്ണാര്‍ക്കാട് കോടതിയിൽ സമര്‍പ്പിച്ചത്.