പാലക്കാട്∙ അട്ടപ്പാടി മധു വധക്കേസിലെ പ്രതികൾക്ക് എതിരെ വനംവകുപ്പ് എടുത്ത കേസിലെ കുറ്റപത്രം മണ്ണാർക്കാട് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. പന്ത്രണ്ടുപേരെയാണു കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടുള്ളത്. പൊട്ടിക്കൽ വനത്തിലെ പാറയിടുക്കിൽ കഴിഞ്ഞിരുന്ന മധുവിനെ പിടികൂടി മുക്കാലിയിൽ എത്തിച്ചവരാണു പ്രതികൾ.
മുക്കാലി സ്വദേശികളായ കിളയിൽ മരയ്ക്കാർ (33), പൊതുവച്ചോല ഷംസുദ്ദീൻ (34), താഴുശ്ശേരി രാധാകൃഷ്ണൻ (34), ആനമൂളി പൊതുവച്ചോല അബൂബക്കർ (ബക്കർ 31), പടിഞ്ഞാറെ പള്ള കുരിക്കൾ സിദ്ധീഖ് (38), തൊട്ടിയിൽ ഉബൈദ് (25), വിരുത്തിയിൽ നജീബ് (33), മണ്ണമ്പറ്റ ജെയ്ജുമോൻ (44), പുത്തൻപുരയ്ക്കൽ സജീവ് (30), മുരിക്കട സതീഷ് (39), ചെരിവിൽ ഹരീഷ് (34), ചെരുവിൽ ബിജു (41) എന്നിവർക്കെതിരെയാണു കുറ്റപത്രം.
വനത്തിൽ അതിക്രമിച്ചു കയറിയതിനാണു കേരള ഫോറസ്റ്റ് ആക്ട് അനുസരിച്ച് കേസെടുത്തത്. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ 16 പ്രതികളാണുള്ളത്. അട്ടപ്പാടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ജി.അഭിലാഷ്, മുക്കാലി ഡപ്യൂട്ടി റേഞ്ച് ഓഫിസർ സി.സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണു കേസ് അന്വേഷിച്ചത്.