ബെംഗളൂരു ∙ രജനീകാന്ത് ചിത്രം കാലായ്ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. രജനീകാന്ത് മാപ്പുപറഞ്ഞാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും റിലീസ് ദിവസം വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും കന്നഡ സംഘടനാ നേതാവ് വാട്ടാല്‍ നാഗരാജ് പ്രഖ്യാപിച്ചു. അതേസമയം, ചിത്രം കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കു തമിഴ്നാട്ടിലേയ്ക്കു പോകാന്‍ സൗകര്യമൊരുക്കുമെന്നു രജനി ഫാന്‍സ് അസോസിയേഷനും അറിയിച്ചു.
കാവേരി നദീജല തര്‍ക്കത്തില്‍ കര്‍ണാടകയ്ക്കെതിരെ രജനീകാന്ത് നിലപാട് സ്വീകരിച്ചതിനാലാണു കാലാ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നു കന്നഡ സംഘടനകള്‍ പ്രഖ്യപിച്ചത്. രജനീകാന്ത് മാപ്പുപറയാതെ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നൽകില്ലെന്നു കര്‍ണാടക ഫിലിം ചേംബര്‍ ഒാഫ് കൊമേഴ്സും നിലപാടെടുത്തു. എന്നാല്‍ മാപ്പു പറഞ്ഞാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ഇപ്പോൾ കന്നഡ സംഘടനകള്‍. വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണു നീക്കം.
അതേസമയം, പ്രശ്നങ്ങള്‍ തീര്‍ത്ത് ചിത്രം പ്രദര്‍ശിപ്പിക്കണമെന്നു ഫിലം ഫെഡറേഷന്‍ ഒാഫ് ഇന്ത്യ ആവശ്യപ്പെട്ടു. കാവേരി പ്രശ്നം പരിഹാരമില്ലാതെ സജീവമായി നിലനിര്‍ത്തുന്നതിന്റെ ഫലമാണ് ഇത്തരം പ്രതിഷേധങ്ങളെന്നും കാലയും കാവേരിയും തമ്മില്‍ എന്തു ബന്ധമാണുള്ളതെന്നുമായിരുന്നു ചലച്ചിത്രതാരം പ്രകാശ് രാജിന്റെ ചോദ്യം. പറയുന്ന കാര്യങ്ങളെപ്പറ്റി രജനി കൂടുതല്‍ ശ്രദ്ധാലുവാകണമെന്നും അദ്ദേഹം പറഞ്ഞു. അതേസയം കാലാ അല്ല കാവേരിയാണു തനിക്കു പ്രധാമെന്നായിരുന്നു, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയുമായി കൂടിക്കാഴ്ച നടത്തിയ കമല്‍ഹസന്റെ നിലപാട്.