Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെന്നിത്തലയുടെ ശൈലി മുന്നണിക്കു ദോഷം; അതൃപ്തി അറിയിച്ച് ലീഗ്

Ramesh Chennithala

ന്യൂഡൽഹി∙ കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ട് നിര്‍ണായക യോഗങ്ങള്‍ നടക്കാനിരിക്കെ രമേശ് ചെന്നിത്തലയെ പ്രതിരോധത്തിലാക്കി ഘടകകക്ഷികളുടെ നീക്കം. പ്രതിപക്ഷ നേതൃപദവിയിൽ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ ഘടകകക്ഷികള്‍ക്ക് അതൃപ്തിയുള്ളതായാണു സൂചന. മുസ്‌‍‍ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ നിലപാട് അറിയിക്കും. ഇന്ന് അഞ്ചുമണിക്കാണു സംസ്ഥാന നേതാക്കളും രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച.

രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനശൈലി മുന്നണിസംവിധാനത്തിനു ദോഷകരമാണെന്ന ആരോപണം ഉന്നയിച്ചാകും ഘടകകക്ഷികള്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുക. പ്രതിപക്ഷ നേതൃസ്ഥാനത്തില്‍ മാറ്റം വേണമെന്ന അവശ്യംവരെ ഘടകകക്ഷികള്‍ ഉന്നയിച്ചേക്കും. എന്നാല്‍ രമേശ് ചെന്നിത്തലയെ നേതൃസ്ഥാനത്തില്‍നിന്ന് മാറ്റുന്നതിനോട് കോണ്‍ഗ്രസ് ദേശീയ, സംസ്ഥാന നേതൃങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് സൂചന. എ.കെ.ആന്റണിയുടെയും എം.എം.ഹസന്റെയും ഉമ്മൻ ചാണ്ടിയുടെയും അഭിപ്രായങ്ങൾ ഇതില്‍ സുപ്രധാനമാണ്.

രാജ്യസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം അടുത്തിരിക്കെ സ്ഥാനാർഥി പ്രഖ്യാപനവും ഇന്നുണ്ടായേക്കും. പി.ജെ. കുര്യനെ തന്നെ പരിഗണിക്കാനാണു സാധ്യത. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സുധാകരൻ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു കേൾക്കുന്നത്. ഇതിൽ മുല്ലപ്പള്ളി രാമചന്ദ്രനാണ് കൂടുതല്‍ സാധ്യത.

കൺവീനർ സ്ഥാനത്തേക്ക് കെ.മുരളീധരൻ, എം.കെ.രാഘവൻ എന്നിവരെയും പരിഗണിക്കുന്നുണ്ട്. അധ്യക്ഷ പദവിയിലും കൺവീനര്‍ സ്ഥാനവും സംബന്ധിച്ച് ഇന്നത്തെ ചർച്ചയിൽ തീരുമാനമായാലും പ്രഖ്യാപനം നീളാനുമിടയുണ്ട്. അതേസമയം എഐസിസി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ഉമ്മന്‍ ചാണ്ടി ഇന്ന് ചുമതലയേല്‍ക്കും.