Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായിയുടെ തീവ്രവാദ പരാമർശത്തിൽ ഇളകിമറിഞ്ഞ് സഭ; പ്രതിപക്ഷം ഇറങ്ങിപ്പോയി

Pinarayi Vijayan

തിരുവനന്തപുരം∙ ആലുവ എടത്തലയിൽ ഉസ്മാനെ പൊലീസ് തല്ലിച്ചതച്ച സംഭവത്തിൽ പ്രതിഷേധം സംഘടിപ്പിച്ചവർ തീവ്രവാദ സ്വഭാവമുള്ളവരാണെന്നും അത്തരക്കാരെ പ്രതിപക്ഷം സംരക്ഷിക്കുന്നുവെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകോപന പരാമർശത്തിന്മേൽ സഭയിൽ വീണ്ടും പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതിഷേധിച്ചു പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ഇതു സ്വാഭാവിക നീതിയുടെ നിഷേധമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നൽകാത്തത് ശരിയായ നടപടിയല്ലെന്നും ചെന്നിത്തല പറഞ്ഞു.

എന്നാൽ ആലുവയിൽ പൊലീസിനെ ആക്രമിച്ചവരിൽ തീവ്രവാദികളും ഉണ്ടെന്ന അഭിപ്രായത്തിൽ ഉറച്ചുനിന്ന് മുഖ്യമന്ത്രി. ഇവരിൽ ഒരാൾക്കെതിരെ യുഎപിഎ കേസുണ്ട്. ഇക്കാര്യം തുറന്നു കാട്ടാനാണു ശ്രമിച്ചത്. ആലുവക്കാർ തീവ്രവാദികളാണെന്നു പറഞ്ഞിട്ടില്ല. തെറ്റിദ്ധാരണ പരത്താനാണു പ്രതിപക്ഷ ശ്രമമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ശൂന്യവേളയിലായിരുന്നു പിണറായിയുടെ വിവാദ പരാമർശം. ആലുവ ആരുടെയും സ്വതന്ത്ര റിപ്പബ്ലിക്കല്ലെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി പ്രസംഗത്തിനിടെ നൽകി. ഇന്നു രാവിലെ ചോദ്യോത്തര വേളയിൽത്തന്നെ ബാഡ്ജ് ശരിച്ചാണു പ്രതിപക്ഷ എംഎൽഎമാർ നിയമസഭയിലെത്തിയത്. ‘ഞാൻ തീവ്രവാദികളാണോ എന്നു മുഖ്യമന്ത്രി മറുപടി നൽകണം’ എന്നെഴുതിയ ബാഡ്ജുമായാണു പ്രതിപക്ഷം എത്തിയത്. 

ഇന്നും ശൂന്യവേളയിൽത്തന്നെ പ്രശ്നം ഉന്നയിക്കാനായിരുന്നു പ്രതിപക്ഷ നീക്കം. പി.ടി.തോമസ് അടിയന്തര പ്രമേയ നോട്ടിസും നൽകി. എന്നാൽ സഭയിലെ പരാമർശത്തിന്റെ പേരിൽ അടിയന്തര പ്രമേയ നോട്ടിസ് അനുവദിക്കാനാകില്ലെന്നു സ്പീക്കർ പറഞ്ഞു. നോട്ടിസിന് അനുമതി നിഷേധിക്കുകയും ചെയ്തു.

പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി ഒന്നും പറഞ്ഞിട്ടില്ലെന്നു മന്ത്രി എ.കെ.ബാലൻ വ്യക്തമാക്കി. വിശദീകരണത്തിനായി മുഖ്യമന്ത്രി എഴുന്നേറ്റെങ്കിലും പ്രതിപക്ഷം തയാറായില്ല. പ്രതിപക്ഷത്തെ അടച്ചാക്ഷേപിക്കുന്നതാണു മുഖ്യമന്ത്രിയുടെ പരാമർശമെന്നു രമേശ് ചെന്നിത്തല പറഞ്ഞു. പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുകയും ചെയ്തു. 

ആലുവ സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന പ്രസ്താവ സഭയ്ക്കും സംസ്ഥാനത്തിനും അപമാനകരമാണെന്നു ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമനില തെറ്റിയ നിലയിലാണു മുഖ്യമന്ത്രി പ്രസംഗിച്ചത്. ആലുവയിലെയും കേരളത്തിലെ ജനങ്ങളെ ഒന്നടങ്കവും അപമാനിക്കുന്നതാണ് മുഖ്യമന്ത്രിയുടെ പരാമർശം. പ്രതിപക്ഷത്തിലെ ഏത് എംഎൽഎയ്ക്കാണു തീവ്രവാദ ബന്ധമെന്നു  പിണറായി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വ്യാഴാഴ്ച സഭയിൽ സംഭവിച്ചത്: 

അൻവർ സാദത്താണ് ക്രൂരമായ പൊലീസ് മർദനമാണ് ഉസ്മാനേറ്റതെന്ന വിഷയം കഴിഞ്ഞ ദിവസം സഭയിൽ ഉന്നയിച്ചത്. സസ്‌പെൻഷനിൽ നിൽക്കുന്ന എഎസ്ഐ എന്തിനാണ് പ്രതിയെ പിടിക്കാൻ പോയതെന്ന് അൻവർ എംഎൽഎ ചോദിച്ചു. ഇതിനു മറുപടിയായാണ്, ആലുവയിലെ ബസ് കത്തിക്കൽ സംഭവത്തിൽ ഉൾപ്പെട്ടവരാണു പ്രതിഷേധം സംഘടിപ്പിച്ചതെന്നു മുഖ്യമന്ത്രി പറഞ്ഞത്. തീവ്രവാദികൾക്കു കയ്യേറ്റം ചെയ്യാനായി പൊലീസിനെ വിട്ടുനൽകാനാകില്ല. പ്രതിപക്ഷം തീവ്രവാദികളുടെ വക്കാലത്ത് എടുക്കരുത്– പിണറായി ആവശ്യപ്പെട്ടു. 

ഇതോടെ പ്രതിപക്ഷനിര പ്രതിഷേധിച്ചെഴുന്നേറ്റു. പിന്നിലുള്ളവർ മുൻനിരയിലേക്കു കുതിച്ചു. തങ്ങളെ തീവ്രവാദികളെന്ന് ആക്ഷേപിച്ചതു മുഖ്യമന്ത്രി പിൻവലിക്കണമെന്നും മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടു. ആലുവക്കാരെ മുഴുവൻ തീവ്രവാദികളായി മുഖ്യമന്ത്രി ചിത്രീകരിച്ചുവെന്നും പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ ചുമതല വഹിച്ച കെ.സി.ജോസഫ് ആവശ്യപ്പെട്ടു.

സ്പീക്കറുടെ ആവർത്തിച്ചുള്ള ആവശ്യപ്രകാരം പ്രതിപക്ഷാംഗങ്ങൾ സീറ്റുകളിലേക്കു മടങ്ങിയപ്പോൾ മുഖ്യമന്ത്രി വിമർശനം കടുപ്പിച്ചു. തനിക്കെതിരെ ബഹളം വയ്ക്കുന്ന പ്രതിപക്ഷാംഗങ്ങളിൽ ചിലർ തീവ്രവാദികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നായി പിണറായി. സംഭവസ്ഥലത്ത് ആദ്യം ഉയർന്ന കൈ ഉസ്മാന്റേതാണെന്നു ചൂണ്ടിക്കാട്ടി പൊലീസിനെയും പിണറായി ശക്തമായി ന്യായീകരിച്ചു. ഇതോടെ പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി. 

ഉസ്മാനാണ് ആദ്യം കൈ ഉയർത്തിയതെന്നു മുഖ്യമന്ത്രി വിശദീകരിച്ചു. അയാൾക്കെതിരെ നിയമനടപടി എടുക്കുന്നതിനു പകരം പൊലീസ് സാധാരണ മനുഷ്യരായി താണുപോയി. ഈ വീഴ്ചയ്ക്കാണു ചില ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്. പ്രശ്‌നം തീർത്ത് ഉസ്മാനുമായി സ്‌റ്റേഷനിലേക്കും ആശുപത്രിയിലേക്കും പോയപ്പോൾ രണ്ടിടത്തും വന്നു ബഹളമുണ്ടാക്കിയവർ തീവ്രവാദസ്വഭാവമുള്ളവരാണ്. നോമ്പിന്റെ കാര്യം പറഞ്ഞ മതവികാരം ഇളക്കാനാണ് അൻവർ സാദത്ത് ശ്രമിക്കുന്നത്. എംഎൽഎ അങ്ങനെ മതസ്പർധ വളർത്തണോ? പിണറായി ചോദിച്ചു. 

ആരാണ് തീവ്രവാദിയെന്നു ചോദിച്ചുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഇതിനിടെ നടുത്തളത്തിൽ കനത്തു. മദനിക്കായി മുഖ്യമന്ത്രി കാത്തിരുന്നത് ഓർമിപ്പിച്ചും മുദ്രാവാക്യം വിളികളുണ്ടായി. ഇതോടെ ഭരണപക്ഷവും ഒച്ചപ്പാടുണ്ടാക്കി.

related stories