തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയന് ആർഎസ്എസ് എന്ന് കേട്ടാൽ സാത്താൻ കുരിശ് കണ്ടത് പോലെയെന്ന് ബിജെപി നേതാവ് വി. മുരളീധരൻ എംപി. മര്യാദയ്ക്കു ഭരിക്കാൻ അറിയാത്തതിന്റെ ചൊരുക്ക് പിണറായി സ്ഥിരമായി തീർക്കുന്നത് ആർഎസ്എസിനോടാണെന്നും സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ മുരളീധരൻ ആരോപിച്ചു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ പിണറായി വിജയൻ വിമർശിച്ചതിനുള്ള മറുപടിയായാണ് മുരളീധരന്റെ കുറിപ്പ്.
പിണറായിക്ക് ആർഎസ്എസ് ഫോബിയയാണ്. പാലക്കാട് ദേശീയ പതാക ഉയർത്തുന്നതു തടയാൻ ശ്രമിച്ച് പരാജയപ്പെട്ടതു മുതൽ ക്ഷേത്രങ്ങളിലെ ശാഖ നിരോധിക്കുമെന്ന പ്രഖ്യാപനം വരെ, പിണറായി വിജയൻ സ്വയം അപഹാസ്യനാവുകയാണ്. ആർഎസ്എസും സിപിഎമ്മും (സിപിഐ) സമാന കാലത്ത് പ്രവർത്തനമാരംഭിച്ച സംഘടനകളാണ്. രണ്ടും ഇന്നെവിടെ എത്തി നിൽക്കുന്നു എന്ന് നോക്കിയാൽ സിപിഎമ്മിന്റെ പാപ്പരത്തവും ദാരിദ്ര്യവും മനസ്സിലാവുമെന്നും മുരളീധരൻ കുറിപ്പിൽ പറയുന്നു..
കുറിപ്പിന്റെ പൂർണരൂപം:
മുഖ്യമന്ത്രി പിണറായി വിജയന് ആർഎസ്എസ് എന്ന് കേട്ടാൽ സാത്താൻ കുരിശ് കണ്ടത് പോലെയാണ്. മര്യാദക്ക് ഭരിക്കാൻ അറിയാത്തതിന്റെ ചൊരുക്ക് പിണറായി സ്ഥിരമായി തീർക്കുന്നത് ആർഎസ്എസിനോടാണ്. വാട്സ് ആപ് ഹർത്താൽ മുതൽ നിപ വൈറസ് വരെ ഉള്ള വിഷയങ്ങളിൽ ആർഎസ്എസിനെ ആക്ഷേപിക്കുന്നതാണ് സ്ഥിരം സിപിഎം ശൈലി. പാലക്കാട് ദേശീയ പതാക ഉയർത്തുന്നത് തടയാൻ ശ്രമിച്ച് പരാജയപ്പെട്ടത് മുതൽ ക്ഷേത്രങ്ങളിലെ ശാഖ നിരോധിക്കുമെന്ന പ്രഖ്യാപനം വരെ, പിണറായി വിജയൻ എന്തിനാണിങ്ങനെ സ്വയം അപഹാസ്യനാവുന്നത്? പിണറായിയുടെ ആർഎസ്എസ് ഫോബിയയുടെ ഏറ്റവും അവസാന ഉദാഹരണമാണ് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ വിമർശിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
പ്രണബ് മുഖർജി ആർ എസ് എസ് ആസ്ഥാനത്ത് ചെല്ലുകയും ത്രിതീയ വർഷ സംഘശിക്ഷാ വർഗ് സമാരോപിൽ സംസാരിക്കുകയും ചെയ്തതിന് പിണറായി വിജയൻ എന്തിനാണ് ഇത്രമാത്രം അസഹിഷ്ണുവാകുന്നത് ?
ആർഎസ്എസും സിപിഎമ്മും (സിപിഐ) സമാന കാലത്ത് പ്രവർത്തനമാരംഭിച്ച സംഘടനകളാണ്. രണ്ടും ഇന്നെവിടെ എത്തി നിൽക്കുന്നു എന്ന് നോക്കിയാൽ സിപിഎമ്മിന്റെ പാപ്പരത്തവും ദാരിദ്ര്യവും മനസ്സിലാവും .
ആശയധാരകളിൽ വ്യത്യസ്തത ഉണ്ടാകാമെങ്കിലും ദേശീയത എന്ന വികാരം പ്രണബ് ദായെയും സ്വയംസേവകരെയും ഒരുമിപ്പിക്കുന്ന ഘടകമാണ്. ഡോ. കേശവ് ബലിറാം ഹെഡ്ഗേവാറിനെ മഹാനായ ഭാരത പുത്രൻ എന്ന് മുൻ രാഷ്ട്രപതി വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ പതിറ്റാണ്ടുകൾ നീണ്ട വായനയുടെയും അറിവിന്റെയും പശ്ചാത്തലത്തിലാണ്. ദേശാഭിമാനി പത്രാധിപരായിരുന്ന ശ്രീ. വി.ടി. ഇന്ദുചൂഡനടക്കം സംഘ പ്രഭാവത്തിൽ ആകൃഷ്ടനായത് ഈ കേരളത്തിൽ നടന്ന ചരിത്രമാണ്. പിണറായിയെപ്പോലെ ഉള്ളവർ അസഹിഷ്ണുത തുടർന്നാൽ ഇനിയും കൂടുതൽ പേർ ചെങ്കൊടി ഉപേക്ഷിച്ച് കാവി പതാകയെ പുൽകുകയേ ഉള്ളൂ എന്ന് ഞങ്ങൾക്കുറപ്പുണ്ട്. എന്തായാലും പിണറായി വിജയന്റെ സർട്ടിഫിക്കറ്റിന് വേണ്ടിയല്ല ഞങ്ങളാരും ശാഖയിൽ പോയത് എന്ന് മാത്രം പറയുന്നു.