കൊച്ചി ∙ യെമനിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവതി നിമിഷപ്രിയയ്ക്ക് താല്‍ക്കാലികാശ്വാസം. വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ പാർപ്പിക്കുന്ന അൽബെയ്‌ദ ജയിലില്‍ നിന്ന് നിമിഷയെ യെമന്റെ തലസ്ഥാന നഗരമായ സനയിലെ ജയിലിലേക്കു മാറ്റി. നിമിഷയ്ക്കായി നിയമനടപടികളും ആരംഭിച്ചു. വിദേശകാര്യമന്ത്രാലയത്തിന്‍റെ ഇടപെടലിനെത്തുടര്‍ന്നാണിത്. ഇതോടെ കോടതിയെ സമീപിക്കാന്‍ സാഹചര്യമൊരുങ്ങി. നിയമസഹായത്തിന് ഇന്ത്യന്‍ എംബസി അഭിഭാഷകനെയും നിയമിച്ചു. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സന്നദ്ധപ്രവര്‍ത്തകരും നിമിഷപ്രിയയ്ക്കായി ഇടപെട്ടത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയും നഴ്സുമായ നിമിഷയ്ക്ക് യെമൻകാരനായ ഭർത്താവിനെ കൊലപ്പെടുത്തി വീടിനു മുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ച കേസിലാണു വധശിക്ഷ ലഭിച്ചത്.
എപ്പോള്‍ വേണമെങ്കിലും ജീവന്‍ നഷ്ടപ്പെടാം, എന്നെ സഹായിക്കണം എന്ന അഭ്യര്‍ഥനയോടെ മനോരമ ന്യൂസിനു ലഭിച്ച കത്താണ് നിമിഷപ്രിയയ്ക്ക് നീതിയുടെ വഴി തുറന്നത്. ഭർത്താവ് തലാൽ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നിമിഷപ്രിയ. തലാൽ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്ന് ഇവർ കത്തിൽ ആരോപിച്ചു. പാസ്പോർട്ട് പിടിച്ചുവച്ചു നാട്ടിൽ വിടാതെ പീഡിപ്പിക്കുക, ലൈംഗിക വൈകൃതങ്ങൾക്കായി ഭീഷണിപ്പെടുത്തുക എന്നിങ്ങനെ കൊടിയ പീഡനങ്ങൾക്ക് ഇരയായതായി കത്തിൽ പറയുന്നു. തോക്കു ചൂണ്ടി പല തവണ ഭീഷണിപ്പെടുത്തിയതായും പറയുന്നു.
യെമനിൽ എത്തിയതു മുതൽ ജയിലിലായതുവരെയുള്ള കാര്യങ്ങൾ 12 പേജുള്ള കത്തിലുണ്ട്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014ൽ ആണു തലാലിന്റെ സഹായം നിമിഷപ്രിയ തേടുന്നത്. താൻ ഭാര്യയാണെന്നു തലാൽ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കി യെന്നും നിമിഷപ്രിയ ആരോപിക്കുന്നു. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരവും വിവാഹം നടത്തി. ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചെങ്കിലും വരുമാനം മുഴുവൻ തലാൽ സ്വന്തമാക്കി. സ്വർണാഭരണങ്ങളും തട്ടിയെടുത്തു വിറ്റുവെന്നും നിമിഷ കത്തിൽ പറഞ്ഞിരുന്നു.