Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുൽ ഗാന്ധിയെ കണ്ടത് മൂവരും ഒന്നിച്ച്: കുര്യനു മറുപടിയുമായി ചെന്നിത്തല, ഹസൻ

PJ Kurien എം.എം.ഹസൻ, രമേശ് ചെന്നിത്തല (ഫയൽ ചിത്രം)

തിരുവനന്തപുരം ∙ രാജ്യസഭാ സീറ്റിനെ സംബന്ധിച്ചു കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയെ ഉമ്മൻചാണ്ടി തെറ്റിദ്ധരിപ്പിച്ചെ‌ന്ന പി.ജെ. കുര്യന്റെ പരാമർശം അടിസ്ഥാന രഹിതമാണെന്നു കെപിസിസി  പ്രസിഡഡന്റ് എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. കേരളാ കോൺഗ്രസിന്റെ മുന്നണി  പ്രവേശം സംബന്ധിച്ചും രാജ്യസഭാ സീറ്റ് വിട്ടു നൽകുന്ന കാര്യവും തങ്ങൾ മൂന്നു പേരും ഒരുമിച്ചാണു രാഹുൽ ഗാന്ധിയെ ധരിപ്പിച്ചത്. ഇക്കാര്യത്തിൽ ഉമ്മൻചാണ്ടി തെറ്റിദ്ധരിപ്പിച്ചെന്ന വാർത്ത ശരിയല്ലെന്നും ഇരുവരും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

കേരള കോൺഗ്രസിനു രാജ്യസഭാ സീറ്റു വിട്ടുനൽകിയതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നോടു മാപ്പുപറഞ്ഞുവെന്ന രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ.കുര്യന്റെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു ചെന്നിത്തലയുടെയും ഹസന്റെയും പ്രതികരണം. ഇതുവരെ ഉമ്മൻചാണ്ടിയോട് ഒരു സഹായവും തേടിയിട്ടില്ല. ചെയ്ത സഹായമെന്തെന്ന് ഉമ്മൻചാണ്ടി വ്യക്തമാക്കണമെന്നും കുര്യൻ ആവശ്യപ്പെട്ടു. തന്നെ പുറത്താക്കിയത് ഉമ്മൻചാണ്ടിയുടെ അജൻഡയാണെന്നും അദ്ദേഹം ആരോപിച്ചു.

ഉമ്മൻചാണ്ടി ഫോണിൽ പോലും സംസാരിച്ചിട്ടില്ല. കേരള രാഷ്ട്രീയത്തിലേക്കു വരുന്നോയെന്നു നേരത്തേ എ.കെ.ആന്റണി ചോദിച്ചിരുന്നതാണ്. അന്നു വേണ്ടെന്നു പറഞ്ഞിരുന്നു. കേരള രാഷ്ട്രീയത്തിലേക്കു പി.ജെ.കുര്യൻ വരുന്നത് ഉമ്മൻചാണ്ടിക്കു പേടിയാണോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനു ഞാൻ ഒരു സാധാരണ പ്രവർത്തകനാണെന്നും അദ്ദേഹത്തെപ്പോലെയൊരു നേതാവ് തന്നെ പേടിക്കുന്നത് എന്തിനെന്നുമായിരുന്നു കുര്യന്റെ മറുപടി.

2012 ലും തന്നെ പുറത്താക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചു. ഉമ്മൻചാണ്ടിക്ക് അജന്‍ഡ ഉണ്ടായിരുന്നു. ഇതിനു യുവാക്കളെ ഉപയോഗിക്കുകയായിരുന്നു. രാജ്യസഭാ സീറ്റ് സംബന്ധിച്ചു തീരുമാനമെടുത്തതില്‍ മുഖ്യപങ്ക് രമേശ് ചെന്നിത്തലയ്ക്കല്ല. പ്രതിപക്ഷ നേതാവിന്റെ വരവ് സൗഹൃദസന്ദര്‍ശനം മാത്രമാണ്. ഉമ്മൻചാണ്ടിക്കെതിരെ ഹൈക്കമാൻഡിനു പരാതി നൽകുമെന്നും കുര്യൻ വ്യക്തമാക്കി.

എന്നാൽ പി.ജെ.കുര്യൻ ആദരം അർഹിക്കുന്ന നേതാവെന്ന പ്രതികരണവുമായി ഉമ്മൻ ചാണ്ടി. പറയാനുള്ളതെല്ലാം കഴി‍ഞ്ഞ ദിവസം പറഞ്ഞു കഴിഞ്ഞു. ഇന്നലെ പറഞ്ഞതിന്റെ മറുപടിയുണ്ടെങ്കിൽ പിന്നീട് പറയുമെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.