പാരിസ് ∙ പതിനൊന്നാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് സ്പാനിഷ് താരം റാഫേൽ നദാൽ. ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ തോൽപിച്ചാണു നദാലിന്റെ ഈ റെക്കോർഡ് നേട്ടം. സ്കോർ: 6-4, 6-3, 6-2. ഒരു ഗ്രാൻസ്‌ലാമിൽ ഏറ്റവുമധികം കിരീടം എന്ന മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിന് ഒപ്പമാണ് നദാൽ ഇതോടെ എത്തിയത്.
നദാലിന്റെ 24–ാം ഗ്രാൻസ്‌ലാം ഫൈനലായിരുന്നു ഇന്നത്തേത്– ഇതുൾപ്പെടെ സ്വന്തമാക്കിയത് 17 ഗ്രാൻസ്‌ലാം സിംഗിൾസ് കിരീടങ്ങൾ. ഡൊമിനിക് തീമിന്റെ ആദ്യ ഗ്രാൻസ്‌ലാം ഫൈനലായിരുന്നു ഇത്. ഈ വർഷം കളിമൺ കോർട്ടിൽ നദാലിനെ തോൽപിച്ച ഏക താരവും തീമാണ്– മഡ്രിഡിലും റോമിലും. അതിനുള്ള മധുര പ്രതികാരം കൂടിയായി ഈ സ്വപ്നനേട്ടം.
സെമിയിൽ അർജന്റീനയുടെ യുവാൻ മാർട്ടിൻ ഡെൽ പോട്രോയെ 4–6, 1–6, 2–6നു തകർത്താണു നദാൽ ഫൈനലിലെത്തിയത്. ഇറ്റലിയുടെ മാർക്കോ സെച്ചിനാറ്റോയെ മറികടന്നാണു തീം ഫൈനലിലെത്തിയത്.