Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ വാവ്റിങ്കയെ വീഴ്ത്തി നദാലിന് ‘പെർഫെക്ട് ടെൻ’

nadal-10-french-open ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ വാവ്റിങ്കയെ വീഴ്ത്തി പത്താം കിരീടം നേടിയ റാഫേൽ നദാലിന്റെ ആഹ്ലാദം.

പാരിസ് ∙ പത്താം ഫ്രഞ്ച് ഓപ്പൺ കിരീടവുമായി റൊളാങ് ഗാരോസിൽ ചരിത്രമെഴുതി കളിമൺകോർട്ടിന്റെ രാജകുമാരൻ റാഫേൽ നദാൽ. ഫൈനലിൽ സ്വിസ് താരം സ്റ്റാൻ വാവ്റിങ്കയെ വീഴ്ത്തിയാണ് നദാൽ ചരിത്രമെഴുതിയത്. രണ്ടു മണിക്കൂറും അഞ്ചു മിനിറ്റും മാത്രം നീണ്ടു നിന്ന പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു നദാലിന്റെ ജയം. സ്കോർ: 6–2, 6–3, 6–1.

ഗ്രാൻസ്‍ലാം ടൂർണമെന്റുകളിലെ 15–ാം കിരീടവും സ്വന്തമാക്കിയ നദാൽ, സ്വിസ് ഇതിഹാസം റോജർ ഫെഡററിന്റെ 18 ഗ്രാൻസ്‍ലാമുകളെന്ന ചരിത്രനേട്ടത്തിന് മൂന്നു കിരീടം മാത്രം അകലെയെത്തി. ഇതിഹാസ താരം പീറ്റ് സാംപ്രസിനെ പിന്നിലാക്കിയാണ് ഗ്രാൻസ്‍ലാം കിരീടങ്ങളുടെ എണ്ണത്തിൽ നദാൽ രണ്ടാമതെത്തിയത്.

Rafael Nadal പത്താം തവണയും ഫ്രഞ്ച് ഓപ്പണിൽ വിജയിച്ച റാഫേൽ നദാൽ കിരീടവുമായി.

റൊളാങ്ഗാരോസിൽ അശ്വമേഥത്തിന്റെ ചാരുതയുള്ള തകർപ്പൻ മുന്നേറ്റത്തിലൂടെയാണ് നദാൽ പത്താം ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തം പേരിലെഴുതിയത്. ആധുനിക ടെന്നിസിൽ ആർക്കും കൈവരിക്കാൻ കഴിയാത്ത സ്വപ്നസമാനമായ നേട്ടമാണിത്. ഇവിടെക്കളിച്ച എൺപത്തൊന്നു കളികളിൽ എഴുപത്തിയൊൻപതിലും വിജയം നേടിയെന്ന റെക്കോർഡ് വേറെ. ഇക്കുറി ഒരു സെറ്റുപോലും വഴങ്ങാതെയാണ് നദാൽ കിരീടം തൊട്ടത്.

കളിമൺ കോർട്ടിൽ അസാധ്യമായ മെയ്‍വഴക്കവും വിജയചരിത്രവുമുള്ള നദാൽ ഇത്തവണയവും പതിവു തെറ്റിച്ചില്ല. തുടക്കം മുതലേ എതിരാളിയെ പൂട്ടിയിട്ട നദാൽ, അനായാസമാണ് വിജയത്തിലേക്കെത്തിയത്. കളിച്ച മൂന്നു ഗ്രാൻസ്‌ലാം ഫൈനലുകളിലും കിരീടനേട്ടം സ്വന്തമാക്കിയ വാവ്റിങ്ക ഇത്തവണ നദാലിനുമുന്നിൽ തീർത്തും നിഷ്പ്രഭനായിപ്പോയി. 2015ൽ നൊവാക് ജോക്കോവിച്ചിനെ തോൽപിച്ച് ഇവിടെ കപ്പുയർത്തിയ ചരിത്രവും ഇക്കുറി വാവ്റിങ്കയെ തുണച്ചില്ല.