പത്തനംതിട്ട∙ കൈത്തറി, കരകൗശല – ഖാദി ഉൽപന്നങ്ങൾ ഇന്ത്യൻ ഹാൻഡ് ലൂം എന്ന പേരിൽ ഓൺലൈൻ വിപണിയിൽ എത്തിക്കുന്നതിനു നടപടികൾ പൂർത്തിയായതായി കേന്ദമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ആറന്മുളയിൽ നൂൽനൂൽപും നെയ്ത്തും ആരംഭിക്കുന്നതിനു രൂപീകരിച്ച സെന്റർ ഫോർ റൂറൽ എംപ്ലോയിമെന്റ് ആൻഡ് ഇക്കണോമിക് ഡവലപ്മെന്റിന്റെ (ക്രീഡ്) ഖാദി ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാവരും ഒരു ജോഡി കൈത്തറി വസ്ത്രം വാങ്ങിധരിക്കണമെന്നു പ്രധാനമന്ത്രിയുടെ നിർദേശമായിരുന്നു. ഖാദി വിൽപന 3900 കോടിയിൽനിന്ന് ഏഴായിരം കോടിയായി വർധിച്ചുവെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സ്മൃതി ഇറാനിയുടെ ആറന്മുളയിലെ ചടങ്ങ് സിപിഎം ബഹിഷ്കരിച്ചു. ചടങ്ങിനെ ബിജെപി രാഷ്ട്രീയ പരിപാടിയാക്കിമാറ്റിയെന്നാരോപിച്ചാണ് സിപിഎം ചടങ്ങ് ബഹിഷ്കരിക്കുന്നത്. ചടങ്ങിൽ വീണാ ജോർജ് എംഎൽഎ പങ്കെടുക്കില്ലെന്നും സിപിഎം നേതൃത്വം അറിയിച്ചു. സർക്കാർ സഹകരണത്തോടെയുള്ള പരിപാടിയല്ലെന്നുമാണു സിപിഎമ്മിന്റെ ആരോപണം.
ചർക്കകൾ, തേനീച്ചപെട്ടികൾ എന്നിവയുടെ വിതരണവും ചടങ്ങിലുണ്ട്. നൂൽനൂൽപ്, നെയ്ത്ത്, അനുബന്ധ പദ്ധതികൾ എന്നിവയിലൂടെ ഗ്രാമീണ മേഖലയിൽ ആയിരത്തിലധികം പേർക്കു തൊഴിൽ ലഭിക്കുമെന്നതാണു പദ്ധതിയുടെ പ്രത്യേകതയെന്നു ക്രീഡ് സൊസൈറ്റി പ്രസിഡന്റ് ജി. പൃഥ്വിപാൽ അറിയിച്ചു.