Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊഹാപോഹങ്ങൾക്ക് വിട, രാഹുലിന്റെ ഇഫ്താർ വിരുന്നിൽ പ്രണബ് ദായുമുണ്ടാകും

Rahul Gandhi, Pranab Mukherjee

ന്യൂഡൽഹി∙ കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നിൽ പ്രണബ് മുഖർജിക്കു ക്ഷണമില്ലെന്ന വാർത്തകളെ തള്ളി കോൺഗ്രസ്. പ്രധാന പ്രതിപക്ഷ നേതാക്കളും കോൺഗ്രസ് നേതാക്കളും പങ്കെടുക്കുന്ന വിരുന്നിലേക്ക് മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയെ ക്ഷണിച്ചിട്ടില്ലെന്നു കിംവദന്തി പരന്നിരുന്നു‌. എന്നാൽ ഊഹാപോഹങ്ങൾ അടിസ്ഥാനരഹിതമാണെന്നും വിരുന്നിൽ പ്രണബ് ദാ പങ്കെടുക്കുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ ക്ഷണം പ്രണബ് സന്തോഷത്തോടെ സ്വീകരിച്ചെന്നും രൺദീപ് ട്വീറ്റിൽ വ്യക്തമാക്കി.

ബുധനാഴ്ച ഡൽഹിയിലെ താജ് പാലസിലാണു രാഹുൽ ഗാന്ധി ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നത്. രാഹുൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം കോൺഗ്രസ് സംഘടിപ്പിക്കുന്ന ആദ്യ ഇഫ്താർ വിരുന്നാണിത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ മുന്നണി രൂപപ്പെടുത്തുന്നതിനുള്ള ചർച്ചകളും പ്രധാന പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കുന്ന വിരുന്നിന്റെ ഭാഗമായി ഉണ്ടാകും.

രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആർഎസ്എസ്) ആസ്ഥാനത്തു നടന്ന ചടങ്ങിൽ പങ്കെടുത്ത് പ്രണബ് മുഖർജി പ്രഭാഷണം നടത്തിയിരുന്നു. ഇതേത്തുടർന്നു പ്രണബ് ബിജെപിയിൽ ചേരുമെന്നും രാഹുൽ ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നിൽ ക്ഷണമില്ലെന്നുമുള്ള തരത്തിലാണ് വാർത്തകൾ പരന്നിരുന്നത്.