Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്ലാസ്റ്റിക് കുപ്പി വലിച്ചെറിയല്ലേ, മെഷീനിലിടൂ; റെയിൽവേ പണം തരും

plastic-bottle-crusher റെയിൽവേ സ്ഥാപിച്ച പ്ലാസ്റ്റിക് ക്രഷർ മെഷീൻ. ചിത്രം കടപ്പാട്: ബിസിസിഎൽ

വഡോദര∙ പ്ലാസ്റ്റിക് കുപ്പികളെ പൊടിക്കാൻ റെയിൽവേ സ്റ്റേഷനുകളിൽ ക്രഷർ മെഷീനുകളുമായി ഇന്ത്യൻ റെയിൽവേ. പദ്ധതിയുടെ ആദ്യ ഘട്ടമായി ഗുജറാത്തിലെ വഡോദരയിൽ ബുധനാഴ്ച മെഷീൻ സ്ഥാപിച്ചു. നാലര ലക്ഷം രൂപ വിലയുള്ള മെഷീനിൽ ഓരോ തവണ പ്ലാസ്റ്റിക് കുപ്പി നിക്ഷേപിക്കുമ്പോഴും ഇ വാലറ്റ് ആയ പേടിഎമ്മുമായി ബന്ധിപ്പിച്ചിട്ടുള്ള മൊൈബൽ നമ്പറിലേക്കു അഞ്ച് രൂപ ക്യാഷ്ബാക്കും ലഭിക്കും. രാജ്യം മുഴുവൻ പദ്ധതി വ്യാപിപ്പിക്കാനാണു റെയിൽവേ ലക്ഷ്യമിടുന്നത്. ഈ പദ്ധതി ബെംഗളൂരുവിലും നടപ്പാക്കിയിട്ടുണ്ട്.

അഹമ്മദാബാദ്, പുണെ, മുംബൈ എന്നീ റെയിൽവേ സ്റ്റേഷനുകളിലും അടുത്ത ഘട്ടമായി ക്രഷർ മെഷീനുകൾ സ്ഥാപിക്കുമെന്നു റെയിൽവേയുടെ തെക്കുപടിഞ്ഞാറൻ ഡിവിഷനൽ പ്രതിനിധി ദേശീയ മാധ്യമത്തോടു പറഞ്ഞു.

പ്ലാസ്റ്റിക് ബോട്ടിലുകളെ ചെറിയ കഷ്ണങ്ങളാക്കി മാറ്റി നിർമാർജനത്തിന് അനുയോജ്യമാക്കുകയാണു മെഷീൻ ചെയ്യുന്നത്. രാജ്യവും ഇന്ത്യൻ റെയിൽവേയും നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണു പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിർമാർജനത്തിന് ആവശ്യമായ സംവിധാനങ്ങളില്ലാത്തത്. ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും പാകം ചെയ്ത ഭക്ഷണം പൊതിയാനും വിതരണം ചെയ്യാനുമായി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കാനാണു റെയിൽവേയുടെ തീരുമാനം. ഇതേക്കുറിച്ച് കേന്ദ്ര റെയിൽ മന്ത്രി പീയൂഷ് ഗോയൽ ട്വീറ്റ് ചെയ്തിരുന്നു.

2022ൽ പ്ലാസ്റ്റിക് മുക്തമായ രാജ്യമായി ഇന്ത്യയെ മാറ്റണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യം. പദ്ധതിയുടെ വ്യാപനത്തോടെ പ്ലാസ്റ്റിക് മാലിന്യങ്ങളെ നിയന്ത്രിക്കാനാകുമെന്നാണു റെയിൽവേയുടെ കണക്കുകൂട്ടൽ.

related stories