Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ ‘ചാലഞ്ച്’ 2014 മുതൽ ഏറ്റെടുത്തതാണ്: മോദിയെ ട്രോളി ബിബിസി

modi-bbc ബിബിസി ന്യൂസ് ഹിന്ദി ഫെയ്സ്ബുക്കിൽ പങ്കുവച്ച കാർട്ടൂൺ.

ന്യൂഡൽഹി∙ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്തു ട്വിറ്ററിൽ വ്യായാമ വിഡിയോ പോസ്റ്റ് ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി രാജ്യാന്തര മാധ്യമസ്ഥാപനം ബിബിസി.‌ വ്യായാമ വേഷത്തിൽ ഭൂമിക്കുചുറ്റും മോദി നടക്കുന്നതിന്റെ കാർട്ടൂണാണു ബിബിസി ന്യൂസ് ഹിന്ദി അവരുടെ ഫെയ്സ്ബുക് പേജിൽ പങ്കുവച്ചത്. ‘ഈ ദിവസത്തെ കാർട്ടൂൺ’ എന്ന പേരിലുള്ള പോസ്റ്റ് മണിക്കൂറുകൾക്കകം വൈറലായി.

‘ഗൂമന്താസൻ’ (ചുറ്റിക്കറങ്ങലാസനം) എന്നു തലക്കെട്ടിട്ടുള്ള കാർട്ടൂണിൽ, സൗരയൂഥത്തിൽ ഭൂമിക്കു പുറമേക്കൂടി മോദി നടക്കുന്നതായാണു ചിത്രീകരിച്ചിട്ടുള്ളത്. യോഗയ്ക്കു പുറമേ, പഞ്ചഭൂതങ്ങളായ മണ്ണ്, ജലം, വായു, അഗ്നി, ആകാശം എന്നിവയിലൂടെ സൃഷ്ടിച്ചെടുത്ത പാതകളിലൂടെയുള്ള നടത്തം ഉന്മേഷം പകരുന്നതാണെന്നു മോദി പറഞ്ഞിരുന്നു. മരത്തിനു ചുറ്റും തയാറാക്കിയ ഈ ‘പഞ്ചഭൂത പാതയിലൂടെ’ നടക്കുന്നതിനെ അനുകരിച്ചാണു കാർട്ടൂൺ വരച്ചിട്ടുള്ളത്.

ഒളിംപിക് വെള്ളി മെഡൽ ജേതാവ് കൂടിയായ കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റാത്തോഡാണു ചാലഞ്ച് തുടങ്ങിവച്ചത്. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ചാലഞ്ച് ഏറ്റെടുത്താണു മോദി വിഡിയോ പങ്കുവച്ചത്. കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കാണ് അദ്ദേഹം തുടർ ചാലഞ്ച് നൽകിയത്. ലോക്‌കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിലെ പുൽമൈതാനിയിൽ കറുത്ത നിറത്തിലുള്ള ജോഗിങ് വേഷത്തിൽ മോദി വ്യായാമം ചെയ്യുന്ന വിഡിയോയ്ക്കു വലിയ പ്രചാരമാണു കിട്ടിയത്.

related stories