Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിമപ്പണി: സുധേഷ് കുമാറിനെ മാറ്റി, പകരം ചുമതല നൽകേണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

Sudesh-Kumar എഡിജിപി സുധേഷ് കുമാർ

തിരുവനന്തപുരം∙ പൊലീസുകാരോട് മോശമായി പെരുമാറുന്നുവെന്നും അടിമപ്പണി എടുപ്പിക്കുന്നുവെന്നതുമായ ആരോപണങ്ങൾക്കിടെ എഡിജിപി സുധേഷ് കുമാറിനെ മാറ്റി. സായുധസേന ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്നാണു സുധേഷിനെ മാറ്റിയത്. അതേസമയം ഇദ്ദേഹത്തിന് പുതിയ നിയമനം നൽകിയിട്ടില്ല. സുധേഷ് കുമാറിന് പുതിയ പദവി നൽകേണ്ടെന്നു നിർദേശിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി എസ്.ആനന്ദകൃഷ്ണൻ എസ്എപിയുടെ പുതിയ മേധാവിയാകും.

Read: ADGP Sudesh Kumar shunted out for ill-treating subordinates...

അതിനിടെ, എഡിജിപിയുടെ വീട്ടിൽ അടിമപ്പണി പതിവാണെന്നു രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ടു നൽകി. ജീവനക്കാരെ വീട്ടുവേല ചെയ്യിക്കുന്നത് എഡിജിപിയുടെ അറിവോടെയാണ്. ഇതിനു തയാറാകാതിരുന്ന 12 ക്യാംപ് ഫോളോവർമാരെ പിരിച്ചുവിട്ടു. ഭാര്യയും മകളും ബന്ധുക്കളും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നു. ഒരു ബന്ധു തിരുവനന്തപുരത്തുനിന്ന് കണ്ണൂർക്കു പോയത് സർക്കാർ വാഹനത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. സുധേഷ് കുമാറിനു സ്ഥാനംപോയത് ഡിജിപിക്ക് ഇതുസംബന്ധിച്ച റിപ്പോർട്ടു ലഭിച്ചതിനുശേഷമാണെന്നാണു വിവരം.

എഡിജിപി സുധേഷ്കുമാര്‍ ജീവനക്കാരെ അടിമപ്പണി എടുപ്പിക്കുന്നതിനൊപ്പം ഔദ്യോഗിക വാഹനം ദുരുപയോഗിക്കുന്നതിനുമുള്ള തെളിവും നേരത്തെ പുറത്തായിരുന്നു. സ്വകാര്യ ആവശ്യങ്ങൾക്കായി എഡിജിപിയുടെ ഭാര്യയും മകളും ഉപയോഗിച്ചത് ഔദ്യോഗിക വാഹനമാണെന്നതിന് സ്ഥിരീകരണം ലഭിച്ചു. KL–01 AB–1736 എന്ന നമ്പരിലുള്ള ഔദ്യോഗിക വാഹനത്തിലാണ് മകള്‍ പോയതെന്ന് എഫ്ഐആറില്‍ പറയുന്നു.

അതേസമയം സുധേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ചെന്ന് വ്യക്തമാക്കി മെഡിക്കല്‍ കോളജിലെ പരിശോധനാ റിപ്പോര്‍ട്ട് പുറത്തുവന്നു. കഴുത്തിന് പിന്നിലുള്ള നട്ടെല്ലിലെ കശേരുക്കള്‍ക്ക് ക്ഷതമേറ്റെന്ന് മെഡിക്കല്‍ രേഖകള്‍ വ്യക്തമാക്കുന്നു.ഇത് പരിഗണിക്കാതെയാണ് എഡിജിപിയുടെ മകളുടെ പരാതിയില്‍ ഡ്രൈവറെയും പ്രതിയാക്കിയത്.

related stories