എടിഎം മെഷീനിൽ എലി കരണ്ടുതിന്നത് 12.38 ലക്ഷം; സംഭവം അസമിൽ

എടിഎമ്മിലെ നോട്ടുകെട്ടുകൾ എലി കരണ്ടുതിന്ന നിലയിൽ. ചിത്രം: ട്വിറ്റർ

ദിസ്പുർ∙ എം.കെ.സുന്ദരേശൻ എന്ന സുന്ദരന്റെ പാസ്പോർട്ട് കരണ്ടുനശിപ്പിച്ച വില്ലനെ മലയാളികൾക്കു പരിചയമാണ്. ഈ പറക്കുംതളിക എന്ന ചിത്രത്തിൽ ദിലീപിന്റെ ഉണ്ണികൃഷ്ണനും ഹരിശ്രീ അശോകന്റെ സുന്ദരേശനും ചിരിപ്പിച്ചപ്പോൾ എല്ലാത്തിനും കാരണക്കാരനായി ‘കാരണവർ’ സ്ഥാനത്തുണ്ടായിരുന്നത് ഒരു എലിയാണ്. പക്ഷേ, എലിയെന്ന് കേട്ടാൽ ഉറക്കത്തിൽപ്പോലും ഞെട്ടും അസംകാർ.

കാരണമെന്തെന്നല്ലേ? അസമിലെ ടിന്‍സൂക്കിയ ലായ്പുലിയിലെ എടിഎമ്മിൽ കടന്നുകൂടിയ എലി കരണ്ടുതിന്നതു നോട്ടുകെട്ടുകളാണ്. അതും 12.38 ലക്ഷം രൂപയുടെ! മേയ് 19നാണ് ഒരു സ്വകാര്യകമ്പനി എടിഎമ്മിൽ 29.48 ലക്ഷം രൂപ നിക്ഷേപിച്ചത്. തൊട്ടടുത്ത ദിവസം മെഷീന്‍ കേടായി. ജൂണ്‍ 11നാണ് കമ്പനി അധികൃതര്‍ എത്തി എടിഎം തുറന്നു പരിശോധിച്ചത്. അപ്പോഴാണു നോട്ടുകള്‍ എലി കരണ്ടു മുറിച്ച നിലയില്‍ കണ്ടെത്തിയത്. 500, 2000 നോട്ടുകളാണു നശിക്കപ്പെട്ടതില്‍ കൂടുതലും. കുറച്ചു പണം വീണ്ടെടുക്കാനായി. ടിന്‍സൂക്കിയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.