ജീവനു ഭീഷണി; ധോണിയുടെ ഭാര്യയ്ക്കും വേണം തോക്ക് ലൈസൻസ്

ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യ സാക്ഷി ധോണി തോക്ക് ലൈസൻസിന് അപേക്ഷ നൽകി. ജീവനു ഭീഷണിയുണ്ടെന്നു കാണിച്ചാണു സാക്ഷി ലൈസൻസിന് അപേക്ഷിച്ചിരിക്കുന്നതെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലപ്പോഴും വീട്ടിൽ ഒറ്റയ്ക്കു കഴിയേണ്ട സാഹചര്യമുള്ളതിനാൽ ജീവൻ അപകടത്തിലാണെന്നു സാക്ഷി പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. പിസ്റ്റൽ അല്ലെങ്കിൽ .32 റിവോൾവർ ലഭിക്കുന്നതിനു വേണ്ടിയാണ് സാക്ഷി അപേക്ഷ നൽകിയിരിക്കുന്നത്. 


2010–ലാണ് ധോണിക്കു തോക്കു കൈവശം വയ്ക്കാനുള്ള ലൈസൻസ് ലഭിക്കുന്നത്. 2008–ൽ ലൈസൻസിന് അപേക്ഷ നൽകിയിരുന്നെങ്കിലും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തള്ളുകയായിരുന്നു. കൂടാതെ വൈ കാറ്റഗറി സുരക്ഷയും ജാർഖണ്ഡ് സർക്കാർ ധോണിക്കു നൽകുന്നുണ്ട്. കഴിഞ്ഞ വർഷം ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ പാക്കിസ്ഥാനോടു പരാജയപ്പെട്ടതിനു ശേഷം ധോണിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.