ഇനി തിയറ്ററുടമ പ്രതിയല്ല, സാക്ഷി; ഗുരുതര പൊലീസ് വീഴ്ച സ്ഥിരീകരിച്ച് ക്രൈംബ്രാഞ്ച്

പ്രതി മൊയതീൻകുട്ടി. ചിത്രം: സമീർ എ. ഹമീദ്

തിരുവനന്തുപുരം∙ എടപ്പാളിലെ ബാലിക പീഡനക്കേസില്‍ തിയറ്റര്‍ ഉടമയെ പ്രതിയാക്കിയ പൊലീസ് നടപടി തെറ്റെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സ്ഥിരീകരണം. ദൃശ്യങ്ങള്‍ കൈമാറിയില്ലെന്നും പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നുമുള്ള പൊലീസിന്റെ വാദം നിലനില്‍ക്കില്ലെന്നുമാണു കണ്ടെത്തല്‍. ഇതോടെ തിയറ്റര്‍ ഉടമയെ സാക്ഷിയാക്കി കുറ്റപത്രം തയാറാക്കാന്‍ അന്വേഷണസംഘത്തിന്റെ യോഗത്തില്‍ തീരുമാനമായി.

എടപ്പാള്‍ തിയറ്റര്‍ പീഡനക്കേസിലെ പൊലീസ് വീഴ്ച സ്ഥിരീകരിക്കുന്നതാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍. കേസിലെ മുഖ്യ തെളിവായ ദൃശ്യങ്ങള്‍ കൈമാറിയ തിയറ്റര്‍ ഉടമ സതീശനെ അറസ്റ്റു ചെയ്ത നടപടിയാണു ക്രൈംബ്രാഞ്ച് തിരുത്താന്‍ തീരുമാനിച്ചത്. ദൃശ്യങ്ങള്‍ പൊലീസിനു കൈമാറിയില്ലെന്നും പ്രചരിപ്പിക്കാന്‍ ശ്രമിച്ചെന്നുമുള്ള കുറ്റം ചുമത്തിയായിരുന്നു പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ഇതു വിവാദമായതോടെ അറസ്റ്റ് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിനു ൈകമാറിയിരുന്നു. പൊലീസ് നടപടി തെറ്റെന്ന വിലയിരുത്തിയ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ ഇവയാണ്.

പീഡനം നടന്ന ദിവസം സ്ഥലത്തില്ലാതിരുന്ന തിയറ്റര്‍ ഉടമയ്ക്കു സംഭവത്തെക്കുറിച്ചു നേരിട്ട് അറിവില്ല. ജീവനക്കാരന്‍ പറഞ്ഞു കാര്യം അറിഞ്ഞ ഉടമ പീഡനം മറച്ചുവയ്ക്കാന്‍ ശ്രമിച്ചില്ല. ഒരാഴ്ചയിലേറെ കാലതാമസമുണ്ടായെങ്കിലും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരടക്കം നാലു പേരെ അറിയിച്ചതുവഴി ദൃശ്യങ്ങള്‍ പൊലീസിലുമെത്തി. ദൃശ്യങ്ങള്‍ സ്വകാര്യ നേട്ടത്തിന് ഉപയോഗിച്ചതായി തെളിവില്ലെന്നും കണ്ടതോടെയാണു പ്രതിയാക്കേണ്ടെന്ന് ഉറപ്പിച്ചത്. നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.

അതിനാല്‍, കുറ്റപത്രം നല്‍കുമ്പോള്‍ പ്രതിസ്ഥാനത്തുനിന്നു മാറ്റി സാക്ഷിയാക്കുന്നതില്‍ നിയമതടസങ്ങളില്ലെന്നും തിരുവനന്തപുരത്തു ചേര്‍ന്ന ക്രൈംബ്രാഞ്ച് യോഗം തീരുമാനിച്ചു. ക്രൈംബ്രാഞ്ച് എസ്പി എ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലെ സംഘം ഒരുമാസത്തിനകം കുറ്റപത്രം നല്‍കും. പൊലീസ് നടപടി തെറ്റെന്നു നേരത്തെ നിയമോപദേശത്തില്‍ വ്യക്തമായതോടെ അറസ്റ്റ് ചെയ്ത ഡിവൈഎസ്പിയെ സ്ഥലംമാറ്റിയിരുന്നു.