ബാങ്കോക്ക് ∙ തായ്‍ലൻഡിൽ വെള്ളം കയറിയ ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ 13 പേരെ രക്ഷിക്കാനുള്ള ശ്രമത്തിനു തടസ്സമായി പേമാരി. 12 ആൺകുട്ടികളും അവരുടെ ഫുട്ബോൾ കോച്ചുമാണു വടക്കൻ ബാങ്കോക്കിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള ഗുഹയിൽ കുടുങ്ങിക്കിടക്കുന്നത്. ഇവർ ജീവനോടെയുണ്ടെന്ന പ്രതീക്ഷയിലാണു രക്ഷാപ്രവർത്തകർ. ഫുട്ബോൾ പരിശീലനത്തിനു പോയ കുട്ടികളും കോച്ചും ശനിയാഴ്ച വൈകിട്ടു ഗുഹയ്ക്കുള്ളിൽ കയറിയ ശേഷമാണു കനത്ത മഴ തുടങ്ങിയത്. ഇതോടെ പ്രദേശത്തു വെള്ളം നിറഞ്ഞു. ഗുഹാമുഖത്തുനിന്നു നാലു കിലോമീറ്റർ അകത്താണു കുട്ടികളും കോച്ചും കുടുങ്ങിയിട്ടുള്ളത്.
ഗുഹയിലെ വെള്ളം അടിച്ചു കളയാൻ ഉയർന്ന കുതിരശക്തിയുള്ള പമ്പുകൾ സ്ഥാപിച്ചെങ്കിലും മഴ കനത്തതോടെ ജലത്തിന്‍റെ ഒഴുക്കു ശക്തമായി. വെള്ളത്തിൽ മുങ്ങികിടക്കുന്ന ഗുഹയിലേക്കു സമാന്തരപാത നിർമിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടിട്ടില്ല. ഉയർന്നുവരുന്ന ജലനിരപ്പ് രക്ഷാപ്രവർത്തനങ്ങൾക്കു വലിയ ഭീഷണിയാണെന്നു പ്രവിശ്യാ സെക്രട്ടറി അറിയിച്ചു. മുങ്ങൽ വിദഗ്ധരും വ്യോമസേനാംഗങ്ങളും ഉൾപ്പെടെ നൂറുകണക്കിനു പേരാണു രക്ഷാപ്രവർത്തനങ്ങളിൽ വ്യാപൃതരായിട്ടുള്ളത്. ജലനിരപ്പ് ആറ് ഇഞ്ചോളം ഉയർന്നതായും കിലോമീറ്ററോളം നീണ്ടുകിടക്കുന്ന ഗുഹയുടെ മൂന്നാമത്തെ മുറിയും വെള്ളത്തിൽ മുങ്ങിയതായും നാവികസേന അറിയിച്ചു.
11 മുതൽ 16വരെ പ്രായമുളളവരാണ് അപകടത്തിൽപ്പെട്ട ടീമിലെ അംഗങ്ങള്‍. ഗുഹാമുഖത്തുനിന്നു കുട്ടികളുടെ സൈക്കിളുകളും ഷൂസും ബാക്ക്പാക്കും കണ്ടെത്തിയിരുന്നു. കുട്ടികളുടെ മാതാപിതാക്കളുൾപ്പെടെയുള്ള ബന്ധുക്കൾ ഗുഹയ്ക്കു മുന്നിൽ തമ്പടിച്ചിട്ടുണ്ട്. ഗുഹയിലേക്കു പ്രവേശിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്ന രണ്ടാമതൊരിടം കൂടി കണ്ടെത്തിയതായും സൂക്ഷ്മനിരീക്ഷണത്തിനു ഹെലികോപ്റ്ററുകളെ വിന്യസിച്ചതായും അധികൃതർ അറിയിച്ചു. സൈനികരും തിരച്ചിൽ നടത്തുന്നുണ്ട്. ദിവസങ്ങളായി തുടരുന്ന രക്ഷാപ്രവർത്തനങ്ങൾ രാജ്യത്തിന്‍റെയാകെ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്. ഗുഹയിൽ കുടുങ്ങിയവരോട് അനുകമ്പ രേഖപ്പെടുത്തി നിരവധി സന്ദേശങ്ങളാണു സമൂഹമാധ്യമങ്ങളിൽ പ്രവഹിക്കുന്നത്.