1962 മറന്നിട്ടില്ലെന്ന് ചൈന; ഇന്ത്യയെ ‘വെല്ലുവിളിച്ച്’ ടിബറ്റിൽ സൈനിക പ്രകടനം

ടിബറ്റിൽ ചൈനീസ് സൈന്യം നടത്തിയ ആഭ്യാസത്തിൽനിന്ന്. ചിത്രം: സിൻഹുവ, ട്വിറ്റർ

ബെയ്ജിങ്∙ ദോക് ലായിലെ ‘മഞ്ഞുരുക്ക’ത്തിനു തടസ്സം പിടിച്ച് വീണ്ടും ചൈന. തന്ത്രപ്രധാനമായ ടിബറ്റിലെ മലമുകളിൽ സൈനിക പരിശീലനം നടത്തിയാണു ചൈനയുടെ പ്രകോപനം. ഹിമാലയത്തിലെ പ്രാന്തപ്രദേശത്തു പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) അംഗങ്ങൾ മണിക്കൂറുകൾ നീണ്ട അഭ്യാസമാണു നടത്തിയതെന്നു സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ‘ഗ്ലോബൽ ടൈംസ്’ റിപ്പോർട്ട് ചെയ്തു.

ദോക് ലാ സംഘർഷത്തിനു ശേഷം ആദ്യമായാണു ചൈന ടിബറ്റിൽ സൈനിക പ്രകടനം നടത്തുന്നത്. ഭാവിയിൽ ഇന്ത്യയെ ആക്രമിക്കാനും തടുക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കങ്ങളെന്നു വിലയിരുത്തലുകളുണ്ട്. മേഖലയിൽ യുദ്ധമുണ്ടായാൽ സൈന്യം ഏതെല്ലാം തരത്തിൽ തയാറായിരിക്കണം എന്നുള്ളതിന്റെ പരീക്ഷണമായിരുന്നു മുഖ്യമായും. സൈനിക വിന്യാസം, ആയുധങ്ങൾ എത്തിക്കലും ഉപയോഗവും, പ്രാദേശിക ജനങ്ങളുമായുള്ള സഹകരണം എന്നീ കാര്യങ്ങളാണു പരിശോധിച്ചുറപ്പിച്ചത്. എല്ലാ മുന്നൊരുക്കങ്ങളോടെയും രഹസ്യമായി ചൊവ്വാഴ്ചയാണു പട്ടാളപ്രകടനം അരങ്ങേറിയത്.

ടിബറ്റിൽ ചൈനീസ് സൈന്യം നടത്തിയ ആഭ്യാസം. ചിത്രം: സിൻഹുവ, ട്വിറ്റർ

ഇതുസംബന്ധിച്ച വാർത്തയ്ക്കൊപ്പം, 4600 മീറ്റർ ഉയരത്തിലുള്ള പ്രദേശത്തു കഴിഞ്ഞ ഓഗസ്റ്റിൽ 13 മണിക്കൂർ നീണ്ട അഭ്യാസം സൈന്യം നടത്തിയ കാര്യവും ഉദ്ധരിച്ചിട്ടുണ്ട്. പ്രാദേശിക കമ്പനികൾ, സർക്കാരുകൾ, ജനങ്ങൾ എന്നിവരെ സഹകരിപ്പിച്ചുള്ള സേനാപ്രകടനം രാജ്യത്തിന്റെ ശക്തിക്കു ഗുണപ്രദമാണ്. ചൈനയുമായി അഭിപ്രായ ഭിന്നതയുള്ള ആത്മീയാചാര്യൻ ദലൈ ലാമയുടെ ടിബറ്റിൽ സൈന്യവും നാട്ടുകാരും സഹകരിക്കേണ്ടതു ആവശ്യമാണെന്നും റിപ്പോർട്ട് അഭിപ്രായപ്പെടുന്നു.

സൈന്യത്തിനു മുടങ്ങാതെ ഇന്ധനവും ഭക്ഷണ സൗകര്യങ്ങളും വിതരണം ചെയ്തു സ്വകാര്യ പെട്രോളിയം കമ്പനിയും പ്രാദേശിക സർക്കാരും സഹായിച്ചു. 1962ൽ ഇന്ത്യ– ചൈന അതിർത്തിതർക്കം യുദ്ധമായി മാറിയപ്പോൾ, ചൈനയ്ക്ക് വെടിനിർത്തൽ പ്രഖ്യാപിക്കേണ്ടി വന്നിരുന്നു. സൈനിക വിന്യാസത്തിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളുടെ കുറവായിരുന്നു കാരണം. ഉയരങ്ങളിൽ വച്ചുള്ള യുദ്ധത്തിനിടെ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലുകളോടെയാണു സൈനിക പ്രകടനം നടത്തിയതെന്നു മിലിട്ടറി വിദഗ്ധൻ സോങ് സോങ്പിങ്ങിന്റെ നിരീക്ഷണവും റിപ്പോർട്ടിലുണ്ട്.

മാസങ്ങൾക്കു മുമ്പ്, ദോക് ലാ വിഷയത്തിൽ അവകാശവാദവുമായി ചൈന രംഗത്തെത്തിയിരുന്നു. മേഖലയിലെ നിലവിലെ സാഹചര്യം മാറ്റിയതു ചൈനയാണെന്നും അതിനോടുള്ള പ്രതികരണമാണ് ഇന്ത്യ നടത്തിയതെന്നും ചൈനയിലേക്കുള്ള ഇന്ത്യൻ അംബാസഡറുടെ പ്രസ്താവന വന്നതിനു പിന്നാലെയാണ്, മേഖല ചൈനയുടേതാണെന്നു ബെയ്ജിങ് ഒരിക്കൽക്കൂടി വ്യക്തമാക്കിയത്. ദോക് ലായിൽ ചൈനയുടെ പ്രവർത്തനങ്ങൾ പരമാധികാര അവകാശത്തിനു കീഴിലാണ്. ചരിത്രപരമായ കാര്യങ്ങളാൽ ദോക് ലാ ചൈനയുടേതാണ്. ‘നിലവിലെ സാഹചര്യമെന്ന’ കാര്യം അവിടെയില്ലെന്നും ഇന്ത്യൻ അംബാസഡർക്കു മറുപടിയായി ഹുവ വ്യക്തമാക്കി.