ബാങ്കോക്ക് ∙ വടക്കൻ തായ്‌ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിൽ വെള്ളം കയറിയ ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിനെ രക്ഷിക്കാനുള്ള ശ്രമം ആറാം ദിവസവും തുടരുന്നു. ഇതിനിടെ, തായ്‌ലാൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ–ഓച്ചാ സംഭവസ്ഥലം സന്ദർശിച്ചു. വിവിധ സേനകളുടെ നേതൃത്വത്തിൽ നടക്കുന്ന രക്ഷാപ്രവർത്തനങ്ങൾ അദ്ദേഹം വിലയിരുത്തി. ഏതു രീതിയിലുള്ള രക്ഷാപ്രവർത്തനത്തിനും സർക്കാരിന്റെ പൂർണ പിന്തുണയുണ്ടായിരിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനൽകി. രക്ഷാപ്രവർത്തനത്തിൽ പൂർണ തൃപ്തനാണെന്നും എന്നാൽ ദിവസങ്ങൾ കടന്നുപോകുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തകർക്കു കൂടുതൽ ആത്മവിശ്വാസം പകരുന്നതിനു വേണ്ടിയാണു താൻ സംഭവസ്ഥലം സന്ദർശിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് 13 പേരടങ്ങുന്ന സംഘം ഗുഹയിൽ കുടുങ്ങിയത്. 11 മുതൽ 16 വരെ പ്രായമുളള 12 ആൺകുട്ടികളും അവരുടെ ഫുട്ബോൾ കോച്ചുമാണ് അപകടത്തിൽപ്പെട്ടത്. ഫുട്ബോൾ പരിശീലനത്തിനു പോയ കുട്ടികളും കോച്ചും ഗുഹയ്ക്കുള്ളിൽ കയറിയ ശേഷമാണു കനത്ത മഴ തുടങ്ങിയത്. ഇതോടെ പ്രദേശത്തു വെള്ളം നിറഞ്ഞു. ഗുഹയിലെ വെള്ളം അടിച്ചുകളയാൻ ഉയർന്ന കുതിരശക്തിയുള്ള പമ്പുകൾ സ്ഥാപിച്ചെങ്കിലും മഴ കനത്തതോടെ ശ്രമം വിഫലമായി. വ്യോമ, നാവിക, പൊലീസ് സേനാംഗങ്ങളും യുഎസ്, യുകെ എന്നിവിടങ്ങളിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരും തുരങ്ക നിർമാതാക്കളും അടങ്ങുന്ന നൂറുകണക്കിനു പേരാണു രക്ഷാപ്രവർത്തനത്തിനുള്ളത്.
ഗുഹയുടെ ഒരു ഭാഗം തുരന്നു വെള്ളം വറ്റിക്കാനുള്ള ശ്രമം ഭാഗികമായി വിജയിച്ചതായി ചിയാങ് റായ് ഗവർണർ പറഞ്ഞു. 10 കിലോമീറ്റർ നീളമുള്ള ഗുഹ തായ്‍ലൻഡിലെ ഏറ്റവും വലിയ ഗുഹകളിലൊന്നാണ്. സഞ്ചാരികൾക്ക് 800 മീറ്റർ ഉള്ളിലേക്കു മാത്രമാണു പ്രവേശനം. ഗുഹയ്ക്കു സമാന്തരമായി ഏഴു കിലോമീറ്റർ ദൂരത്തിൽ സമാന്തരപാത നിർമിക്കാനുള്ള ശ്രമവും തുടരുകയാണ്. ഗുഹാമുഖത്തുനിന്നു കുട്ടികളുടെ സൈക്കിളുകളും ഷൂസും ബാക്ക്പാക്കും കണ്ടെത്തിയിരുന്നു. കുട്ടികളുടെ മാതാപിതാക്കളുൾപ്പെടെയുള്ള ബന്ധുക്കൾ ഗുഹയ്ക്കു മുന്നിൽ തമ്പടിച്ചിട്ടുണ്ട്. ഇവരെ പ്രധാനമന്ത്രി പ്രയുത് ചാൻ–ഓച്ചാ നേരിട്ടു കണ്ട് ആശ്വസിപ്പിച്ചു.