കോഴിക്കോട്∙ നടൻ ദിലീപിനെ തിരിച്ചെടുക്കാൻ അമ്മ യോഗത്തിൽ താൻ ആവശ്യപ്പെട്ടിരുന്നെന്ന് നടി ഊർമിള ഉണ്ണി. തനിക്കു മാത്രമാണ് അതിനു ധൈര്യമുണ്ടായിരുന്നത്. വീട്ടിലെ വേലക്കാരിയെ രണ്ടു ദിവസം കാണാതിരുന്നാൽ അവർ മടങ്ങി വരുമോ എന്ന ആശങ്ക സ്വാഭാവികമാണ്. അത്തരത്തിലുള്ള സംശയമാണു തന്റെ ഭാഗത്തു നിന്നുണ്ടായത്. യോഗത്തിലെ തീരുമാനങ്ങളെന്ന നിലയിൽ പുറത്തു വരുന്ന വാർത്തകളിൽ പലതും വാസ്തവ വിരുദ്ധമാണ്. താൻ ഇപ്പോഴും ആക്രമണത്തെ അതിജീവിച്ച നടിക്കൊപ്പമാണെന്നും ഊർമിള കോഴിക്കോട് പറഞ്ഞു.
കഴിഞ്ഞ ദിവസം മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലും ‘അമ്മ’ യോഗത്തിൽ സംഭവിച്ച കാര്യങ്ങളിൽ നടി വിശദീകരണം നൽകിയിരുന്നു.
അഭിമുഖത്തിൽ നിന്ന്:
ഞാൻ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ എഴുതി വച്ചിരിക്കുന്നത്. സംഭവിച്ചത് ഇതാണ്. യോഗം അവസാനിക്കാറായ സമയത്ത് ഇനി ചോദ്യങ്ങൾ ബാക്കിയുണ്ടോ എന്ന് വേദിയിലുള്ളവർ ആരാഞ്ഞു. സ്വാഭാവികമായും ദിലീപിന്റെ കാര്യത്തിൽ എല്ലാവർക്കും ആകാംക്ഷ ഉണ്ടായിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ എന്നൊക്കെ അറിയാൻ താൽപര്യവും ഉണ്ടായിരുന്നു. എന്നാൽ ആർക്കും ചോദിക്കാൻ ധൈര്യമുണ്ടായിരുന്നില്ല.
ഇനി ചോദ്യമുണ്ടോ എന്ന് ആരാഞ്ഞപ്പോൾ എല്ലാവരും കൂടി ദിലീപിന്റെ കാര്യം ഉന്നയിക്കണമെന്ന് നിർബന്ധിച്ചു. ഇത് ചോദിക്കാൻ എഴുന്നേറ്റ് നിന്നപ്പോൾ വേദിയിലേക്ക് കയറി വന്ന് മൈക്കിൽ സംസാരിക്കാൻ ആവശ്യപ്പെട്ടു. വേദിയിൽ കയറിയ ഞാൻ ഒറ്റക്കാര്യമാണ് ചോദിച്ചത്, ‘നമ്മുടെ സംഘടന ദിലീപിനെ തിരിച്ചെടുക്കുന്നുണ്ടോ ഇല്ലയോ എന്നറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ട്’ എന്നാണ്. പക്ഷേ, മാധ്യമങ്ങൾ ഇതിനെ വളച്ചൊടിച്ചു. ഞാൻ ദിലീപിനെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുവെന്ന രീതിയിലായി വാർത്തകൾ.
ദിലീപിന്റെ കാര്യത്തിൽ സംഘടനയുടെ തീരുമാനം എന്താണെന്ന് അറിയാൻ താൽപര്യമുണ്ടെന്ന ചോദ്യത്തെ കയ്യടികളോടെയാണ് അവിടെ ഉണ്ടായിരുന്നവർ സ്വീകരിച്ചത്. വൈകുന്നേരം ചേരുന്ന നിർവാഹക സമിതി യോഗത്തിൽ ഇക്കാര്യം തീരുമാനിക്കാമെന്ന മറുപടിയും ലഭിച്ചു.
Read: എന്തെങ്കിലും അഭിപ്രായം പറയാൻ പലർക്കും പേടി സമ്പൂര്‍ണ അഭിമുഖം വായിക്കാം