മുംബൈ ∙ അടിയന്തരാവസ്ഥയെച്ചൊല്ലി, ഇന്ദിരാ ഗാന്ധി രാജ്യത്തിനു ചെയ്ത സംഭാവനകള്‍ മറക്കരുതെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത്. അടിയന്തരാവസ്ഥയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും ഇന്ദിരാ ഗാന്ധിയെ രൂക്ഷമായി ആക്രമിക്കുന്നതിനിടെയാണ് റാവത്തിന്റെ പരാമര്‍ശം. 1975ല്‍ ഇന്ദിരാ ഗാന്ധി എടുത്ത തെറ്റായ തീരുമാനത്തിന്റെ പേരില്‍ കുറ്റപ്പെടുത്തുന്നവര്‍ അവരുടെ നേട്ടങ്ങളും ഓര്‍ക്കണം. ഇന്ദിരാ ഗാന്ധി ജനാധിപത്യത്തെ മാനിച്ചതു കൊണ്ടാണ് 1977ല്‍ അടിയന്തരാവസ്ഥ പിന്‍വലിച്ച് തിരഞ്ഞെടുപ്പ് നടത്തിയത്.
ഇന്ദിരാ ഗാന്ധിയുടെ സംഭാവനകളെ മറക്കുന്നത് രാജ്യദ്രോഹമാണെന്നും സേനാ മുഖപത്രം 'സാമ്‌ന'യില്‍ റാവത്ത് ചൂണ്ടിക്കാട്ടി. രാജ്യത്തിനുവേണ്ടി ഇന്ദിരാ ഗാന്ധിയോളം മഹത്തായ സേവനങ്ങള്‍ മറ്റാരും ചെയ്തിട്ടില്ല. ഒരു തെറ്റായ തീരുമാനത്തിന്റെ പേരിൽ, അവരുടെ മുഴുവന്‍ സേവനങ്ങളെയും മറക്കാനാകില്ല. ഏതൊരു നേതാവിനും സാഹചര്യമനുസരിച്ച് ചില പ്രായോഗിക തീരുമാനങ്ങൾ എടുക്കേണ്ടിവരും. ആര് എന്തു ചെയ്യുന്നു, അതിലെ തെറ്റ്, ശരി എന്നിവ കാലം തീരുമാനിക്കും.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിനം ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിനമാണെങ്കിൽ, നോട്ടു നിരോധനം നിലവിൽ വന്ന ദിവസം ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ കറുത്ത ദിനമാണ്. എന്നാൽ അടിയന്തരാവസ്ഥ പിൻവലിച്ചു തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിലൂടെ താൻ ഒരു ജനാധിപത്യവാദിയാണെന്ന് ഇന്ദിര തെളിയിച്ചു. നോട്ട് പിന്‍വലിക്കല്‍ മൂലം രാജ്യത്തെ ചെറുകിട കച്ചവടക്കാരുടെ നട്ടെല്ലൊടിഞ്ഞു. കള്ളപ്പണക്കാര്‍ പലതരത്തില്‍ അതു വെളുപ്പിച്ചു. അന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിന് ഇനിയും മാറ്റമുണ്ടായിട്ടില്ലെന്നും റാവുത്ത് ചൂണ്ടിക്കാട്ടി.
ഇന്ദിരയെപ്പോലെ മികച്ച ഭരണം ഇന്ത്യയിൽ ആരും കാഴ്ചവച്ചിട്ടില്ല. ഗാന്ധിജി, നെഹ്റു, അംബേദ്കർ, നേതാജി ബോസ്, വീർ സർവക്കർ തുടങ്ങിയ ദേശീയ നേതാക്കളുടെ സംഭാവനകൾ വിസ്മരിക്കുന്നത് രാജ്യദ്രോഹമാണ്. അടിയന്തരാവസ്ഥക്കാലത്ത് മാധ്യമസ്വാതന്ത്ര്യം അടിച്ചമർത്തപ്പെട്ട അതേ സാഹചര്യമാണ് ഇന്നും രാജ്യത്തുള്ളത്. ആ സമയത്തു ജയിൽവാസം അനുഷ്ഠിച്ച എൽ. കെ. അഡ്വാനിയെ പോലുള്ളലരുടെ വായ് ഇന്നു മൂടികെട്ടിയിരിക്കുകയാണ്. അതേസമയം, അന്നു ജനിച്ചിട്ടു പോലുമില്ലാത്തവർ അടിയന്തരാവസ്ഥയെക്കുറിച്ചു വാതോരാതെ സംസാരിക്കുകയാണ്- മഹാരാഷ്ട്ര ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ഉദ്ദേശിച്ചു സഞ്ജയ് പറഞ്ഞു.
അടിയന്തരാവസ്ഥക്കാലത്ത് അധോലോക കുറ്റവാളികളായ ഹാജി മസ്താന്‍, കരിം ലാല, യൂസഫ് പട്ടേല്‍, വരദരാജ മുതലിയാര്‍ എന്നിവരെ ജയിലിലടച്ചു. മാഫിയകള്‍, ഗുണ്ടകള്‍, ഹഫ്ത പിരിവുകാര്‍ എന്നിവരെയും പിടികൂടി. എന്നാല്‍, ഇപ്പോള്‍ നീരവ് മോദി, മെഹുല്‍ ചോക്‌സി, വിജയ് മല്യ തുടങ്ങിയ വ്യവസായികള്‍ രാജ്യത്തെ കൊള്ളയടിച്ച് വിദേശത്തേക്കു മുങ്ങുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
സുരക്ഷാ ഭീഷണി ഉണ്ടെന്ന മുന്നറിയിപ്പ് ഇന്റലിജൻസ് വിഭാഗം പലതവണ നൽകിയിട്ടും ഇന്ദിര തന്റെ സുരക്ഷ വർധിപ്പിച്ചിട്ടില്ല. എന്നാൽ നരേന്ദ്ര മോദി ഓരോ ദിവസവും സുരക്ഷ വർധിപ്പിക്കുകയാണെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.