Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊലക്കേസ് പ്രതിയായ പി. ജയരാജനെ ജയിൽ ഉപദേശകനാക്കിയത് വെറുതെയോ?: സുരേന്ദ്രൻ

K. Surendran

കോട്ടയം∙ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ ജയിലിൽ കിടക്കുന്നതും പുറത്തിരിക്കുന്നതും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോയെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കെ.സി. രാമചന്ദ്രൻ, ടി.കെ. രജീഷ് എന്നിവരുമായി കണ്ണൂർ സെൻട്രൽ ജയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രത്യേക കൂടിക്കാഴ്ച നടത്തിയ വാർത്തയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനെയും പിണറായി വിജയനെയും അടുത്തറിയുന്നവർക്ക് ഇതൊരു വാർത്തയേ അല്ല. അല്ലെങ്കിൽ തന്നെ ഇവർക്കിനി എന്തു പരോളാണു കൊടുക്കേണ്ടതെന്നും സമൂഹമാധ്യമമായ ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിൽ സുരേന്ദ്രൻ ചോദിച്ചു.

കുറിപ്പിന്റെ പൂർണരൂപം:

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂർ സെൻട്രൽ ജയിലിൽ ടിപി കേസ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വാർത്തയായി മാധ്യമങ്ങൾ കൊടുത്തിട്ടുണ്ട്. ഇവരുടെ പരോളിനെക്കുറിച്ചു നിവേദനം നൽകാനാണത്രേ പ്രതികൾ പിണറായിയെ കണ്ടത്. മറ്റു തടവുകാരാരും മുഖ്യനെ കണ്ടതായി വാർത്തയുമില്ല. സിപിഎമ്മിനേയും പിണറായി വിജയനേയും അടുത്തറിയുന്നവർക്ക് ഇതൊരു വാർത്തയേ അല്ല. അല്ലെങ്കിൽ തന്നെ ഇവർക്കിനി എന്തു പരോളാണ് കൊടുക്കേണ്ടത്? ഈ പ്രതികൾക്ക് നിയമപരമായി ലഭിക്കേണ്ടതിനേക്കാൾ എത്രയോ അധികം പരോൾ ഇതിനോടകം കിട്ടിക്കഴിഞ്ഞു. പാർട്ടി സമ്മേളനങ്ങളിൽ ആധ്യക്ഷം വഹിക്കാന്‍ പോലും അവസരം ലഭിച്ചു കഴിഞ്ഞു.

ആർഭാട വിവാഹം, വിനോദയാത്ര മുതൽ സുഖചികിത്സവരെയുള്ള എത്രയെത്ര വാർത്തകൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. ഇനി പുറത്തിരിക്കുന്നതും അകത്തു കിടക്കുന്നതിലും തമ്മിൽ എന്തെങ്കിലും വ്യത്യാസം ഈ പ്രതികൾക്കുണ്ടോ? പെണ്ണുംപിള്ളയുടെ കൂടെ കിടക്കാന്‍ കഴിയുന്നില്ല എന്നതൊഴിച്ചാൽ കണ്ണൂർ സെൻട്രൽ ജയിലിൽ ബാക്കി എല്ലാം ഇവർക്കു നടക്കും. എത്ര ഫോണു വേണമെങ്കിലും ഏതു സമയത്തും ഉപയോഗിക്കാം. ഫേസ് ബുക്കും വാട്സ് ആപ്പും ഉപയോഗിക്കാം. കള്ളുകുടിക്കാം. പുറത്തുനിന്നുള്ള ഭക്ഷണം കഴിക്കാം. പാർട്ടി മീറ്റിംഗ് കൂടാം.

നാലു കൊലക്കേസ്സിൽ പ്രതിയായ പി. ജയരാജനെ ജയിൽ ഉപദേശകനാക്കിയതു ചുമ്മാതാണോ? എന്തിനു ജയരാജനെപ്പറയണം ടി. പി യെ കൊല്ലാൻ നിർദ്ദേശം കൊടുത്തതാരാണെന്ന് അരിയാഹാരം കഴിക്കുന്ന ആളുകൾക്കെല്ലാമറിയില്ലേ. ഈ വാർത്ത ബ്രേക്കിംഗ് ന്യൂസ് ആയി കൊടുത്തവരോട് സഹതാപമേ തോന്നുന്നുള്ളൂ.
 

related stories