ടോക്കിയോ∙ ലോകാവസാനവും മൂന്നാം ലോകമഹായുദ്ധവും പ്രവചിച്ചു ജപ്പാനിലാകെ വിഷം വിതയ്ക്കാൻ പദ്ധതിയിട്ട സംഘത്തിന്റെ തലവൻ ഉൾപ്പെടെ ഏഴു പേർക്ക് 24 വർഷത്തിനൊടുവിൽ വധശിക്ഷ. ജപ്പാനിൽ ഷോക്കോ അസഹാര(63)യുടെ നേതൃത്വത്തിൽ രൂപീകരിച്ച ഓം ഷിന്റിക്യോ പ്രസ്‌ഥാനത്തിലെ ഏഴു പേരെയാണു സർക്കാർ തൂക്കിക്കൊന്നത്.
അസഹാരയ്ക്കുൾപ്പെടെ വധശിക്ഷ 1994ലാണു വിധിച്ചത്. ടോക്കിയോവിലെ ഭൂഗർഭ റെയിൽപാതയിൽ നടത്തിയ വിഷവാതക പ്രയോഗത്തിൽ 13 പേർ കൊല്ലപ്പെട്ട സംഭവത്തിലാണു ശിക്ഷ. ‘സെരിൻ’ എന്ന മാരകവിഷത്തിന്റെ പ്രയോഗം അന്ന് അയ്യായിരത്തിലേറെ പേരുടെ കാഴ്ചയെ ഉൾപ്പെടെയാണു ബാധിച്ചത്. പലരും മരണം വരെ ആ വിഷവസ്തുവിന്റെ ദൂഷ്യഫലങ്ങളുമായാണു ജീവിച്ചത്.
ലോകാവസാനം അടിസ്ഥാനമാക്കി 1984ൽ അസഹാര രൂപം കൊടുത്തതാണ് ഓം ഷിന്റിക്യോ പ്രസ്ഥാനം. ചിസുവോ മത്‌സുമോട്ടോ എന്നായിരുന്നു ഇയാളുടെ യഥാർഥ പേര്. ജപ്പാനിൽ പ്രത്യേക മത വിഭാഗമായി അംഗീകാരം നേടിയ ഓം ഷിന്റിക്യോ 1997ൽ ലോകം ഇല്ലാതാവുമെന്നു പ്രവചിച്ചാണു ജനശ്രദ്ധ നേടുന്നത്. 1995ൽ ഇതിനുള്ള ശ്രമവും തുടങ്ങി.
അസഹാരയുടെ പ്രധാന പ്രചാരണങ്ങളിലൊന്ന് യുഎസ് വീണ്ടും ജപ്പാനെ ആക്രമിക്കുമെന്നായിരുന്നു. 2006 ലേക്ക് ‘ഭാവികാലയാത്ര’ നടത്തിയാണു താൻ ഇക്കാര്യം കണ്ടെത്തിയതെന്നും അയാൾ അണികളോടു പറഞ്ഞു. അങ്ങനെ മൂന്നാം ലോകമഹായുദ്ധം തനിക്കു നേരിട്ട് അനുഭവിക്കാനായെന്നും അസഹാര പറഞ്ഞു ഫലിപ്പിച്ചു. ഭൂമിയുടെ സർവനാശത്തിന് ആദ്യപടിയായി പതിനായിരം പേരെ കൊന്നൊടുക്കുകയായിരുന്നു ലക്ഷ്യം. ആ ശ്രമങ്ങളുടെ ഭാഗമായിട്ടായിരുന്നു ജപ്പാനിൽ വിഷം വിതച്ചത്.
ജപ്പാന്റെ പൊതുസുരക്ഷയെപ്പറ്റിയുള്ള ധാരണകൾ മാറ്റിമറിക്കുന്നതുമായിരുന്നു 1995 മാർച്ച് 20നുണ്ടായ ഭൂഗർഭ പാതയിലെ വിഷവാതക പ്രയോഗം. റെയിൽപാതയിൽ രാവിലെയെത്തുന്ന അഞ്ചു ട്രെയിനുകളിൽ ശീതള പാനീയമെന്ന വ്യാജേനയാണ് വിഷവാതക കണ്ടെയ്‌നറുകൾ സൂക്ഷിച്ചിരുന്നത്. തിരക്കേറിയ സമയത്തായിരുന്നു ആക്രമണം.
മൂന്നു റെയിൽവേ ലൈനുകളിൽ ഒരേസമയം വിഷവാതക പ്രയോഗം നടന്നു. നാസികൾ ജൂതന്മാരെ കൊന്നൊടുക്കാൻ വികസിപ്പിച്ചെടുത്തതാണ് ‘സെരിൻ’ വിഷവാതകം. റെയിൽവേ പ്ലാറ്റ്ഫോമിൽ ബിസിനസ് സ്യൂട്ടണിഞ്ഞു കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ മാധ്യമങ്ങളിലൂടെ ലോകം ഞെട്ടലോടെയാണു കണ്ടത്. ആ സംഭവത്തോടെയാണ് സുരക്ഷാസംവിധാനങ്ങളിൽ ജപ്പാൻ വൻ മാറ്റങ്ങൾ വരുത്തുന്നതും.
1994ൽ അസഹാരയ്ക്കും കൂട്ടർക്കുമെതിരെ വിധിച്ച വധശിക്ഷ 2006ൽ സുപ്രീം കോടതി ശരിവച്ചു. രണ്ടു ദശാബ്ദക്കാലത്തോളം വിചാരണ നീണ്ടു. സംഘടനയിലെ 13 പേർക്കെതിരെ ഇതുവരെ ശിക്ഷ വിധിച്ചിട്ടുണ്ട്. ആറു പേരുടെ കൂടി വധശിക്ഷ നടപ്പാക്കാനിരിക്കുകയാണ്. ഇക്കഴിഞ്ഞ ജനുവരിയിലാണു വിചാരണയുടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയത്. ജപ്പാനിലും വിദേശത്തുമായി പതിനായിരത്തോളം ആരാധകരുണ്ടായിരുന്നു അസഹാരയ്ക്ക്. ഇവരിൽ ചിലരാകട്ടെ ജപ്പാനിലെ വൻകിട സർവകലാശാലകളില്‍ നിന്ന് ഉന്നതപഠനം പൂർത്തിയാക്കിയവരായിരുന്നു.
മൗണ്ട് ഫ്യുജിയുടെ താഴ്‌വരയിൽ അസഹാര സ്ഥാപിച്ച കെട്ടിടത്തിൽ ഒരു പ്രത്യേക സമൂഹമായിട്ടായിരുന്നു ശിഷ്യർ ജീവിച്ചിരുന്നത്. ബുദ്ധ–ഹിന്ദുമത സംഹിതകൾ ചേർത്തായിരുന്നു മത പാഠങ്ങൾ ‘ശിഷ്യരെ’ ഇയാൾ പഠിപ്പിച്ചിരുന്നത്. ശരീരത്തിൽ പീഡനമേൽപിച്ച് ആത്മസംതൃപ്‌തി കണ്ടെത്തുന്ന രീതിയിലുള്ള മതചിന്തകളും അസ്‌ഹാര പ്രയോഗത്തിൽ വരുത്തി. മതപാഠങ്ങൾക്കൊപ്പം സെരിൻ പോലുള്ള വിഷവാതകങ്ങളും ഇവിടെ വൻതോതിൽ സംഭരിച്ചത് ആരും അറിഞ്ഞില്ലെന്നു മാത്രം.
15 പേരുടെ മരണത്തിനിടയാക്കിയ മറ്റു പല കൂട്ടക്കുരുതികളിലും ഷോക്കോ അസഹാര കുറ്റക്കാരനായിരുന്നു. ഇയാളുടെയും സംഘത്തിന്റെയും വധശിക്ഷ നടപ്പാക്കിയതിൽ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആശ്വാസം പ്രകടിപ്പിച്ചു. ശരിയായ തീരുമാനമായിരുന്നു ഇതെന്ന് കൊല്ലപ്പെട്ടവരിലൊരാളുടെ ഭാര്യ ഷിസുവെ തകാഹാഷി പറഞ്ഞു. സെരിൻ നിറച്ച കണ്ടെയ്നറുകളിലൊന്നു മാറ്റുന്നതിനിടെയാണ് ഭൂഗർഭ പാതയിലെ ജീവനക്കാരനായ, ഷിസുവെയുടെ ഭർത്താവ് കൊല്ലപ്പെട്ടത്. വധശിക്ഷ ഇത്രയേറെ വൈകിയതിലും പലരും നിരാശ പ്രകടിപ്പിച്ചു. ജപ്പാനിൽ അപൂർവമായി മാത്രമേ വധശിക്ഷ നടപ്പാക്കാറുള്ളൂ.