Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേമാരിയിൽ മുങ്ങി മുംബൈ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

mumbai-rain. മുംബൈയിൽ റോഡിലെ വെള്ളക്കെട്ടിലൂടെ കുട്ടികളുമായി പോകുന്ന രക്ഷിതാവ്. ചിത്രം:പിടിഐ

മുംബൈ ∙ തുടർച്ചയായ മൂന്നാംദിവസവും ശക്തമായി പെയ്യുന്ന മഴ മുംബൈയിലും സമീപജില്ലകളിലും ദുരിതം വിതച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങുകയും ചിലയിടങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിലും ട്രാക്കുകളിലും വെള്ളക്കെട്ടുണ്ടാവുകയും ചെയ്തതോടെ ഒട്ടേറെ ലോക്കൽ ട്രെയിനുകൾ റദ്ദാക്കി. ട്രെയിനുകൾ എണ്ണം കുറച്ചതിനൊപ്പം സർവീസ് നടത്തിയവ വൈകുക കൂടി ചെയ്തപ്പോൾ നഗരജീവിതവും മന്ദഗതിയിലായി.

റോഡിലെ വെള്ളക്കെട്ടിനെത്തുടർന്ന് നഗരത്തിൽ വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കാഴ്ച മങ്ങിയത് വിമാന സർവീസിനെയും ചെറിയ തോതിൽ ബാധിച്ചു. മഴയെത്തുടർന്ന് മുംബൈയിലെ സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. താനെ, പാൽഘർ ജില്ലകളിലും കൊങ്കൺ മേഖലയിലും ശക്തമായ മഴ തുടരുകയാണ്.

കനത്ത മഴയില്‍ വെള്ളം നിറഞ്ഞ റോഡിലെ ഗട്ടറില്‍ വീണ ബൈക്ക് മറിഞ്ഞു യാത്രക്കാരി ബസ് കയറി മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കല്യാണിലെ സ്‌കൂളില്‍ ജോലി ചെയ്യുന്ന മനീഷ ഭോയിര്‍ ആണ് അപകടത്തില്‍ പെട്ടത്. മഴ പെയ്യുമ്പോള്‍ വെള്ളം നിറഞ്ഞ റോഡിലൂടെ ബൈക്കിനു പിന്നില്‍ കുട ചൂടി മനീഷ യാത്ര ചെയ്യുന്നതു സിസിടിവി ദൃശ്യങ്ങളില്‍ കാണാം. റോഡിലെ ഗട്ടറില്‍ വീണു ബൈക്ക് ചെരിഞ്ഞതോടെ, പിന്നിലിരുന്ന മനീഷ തൊട്ടടുത്തു കൂടി കടന്നുപോയ ബസിനടിയിലേക്കു വീഴുകയായിരുന്നു. ബസിന്റെ പിന്‍ചക്രം മനീഷയുടെ മുകളിലൂടെ കയറിയിറങ്ങി. ജോലി കഴിഞ്ഞ് ബന്ധുവിനൊപ്പം വീട്ടിലേക്കു മടങ്ങുമ്പോള്‍ ശിവാജി ചൗക്കില്‍ വച്ചായിരുന്നു അപകടം. ബൈക്ക് ഓടിച്ചിരുന്ന ആള്‍ക്കും പരുക്കേറ്റു. കഴിഞ്ഞ കുറേ ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ മുംബൈയിലെ മിക്ക റോഡുകളിലും വന്‍ഗര്‍ത്തങ്ങളാണു രൂപപ്പെട്ടിരിക്കുന്നത്.

ബുധൻ വരെ കനത്ത മഴ, ജാഗ്രതാ നിർദേശം 

mumbai-rain വസായ് ഇൗസ്റ്റ് - വെസ്റ്റ് മേഖലകളെ ബന്ധിപ്പിക്കുന്ന പാലം അപകടാവസ്ഥയിലായതിനെ തുടർന്നു ഗതാഗതം തടഞ്ഞപ്പോൾ.

നഗരത്തിലും സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലും കനത്ത മഴ ഇന്നലെയും തുടർന്നു. പലയിടങ്ങളിലും വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടായി. വിള്ളൽ കണ്ടതിനെത്തുടർന്ന് ഘാട്കോപ്പറിലും വസായിലും ഓരോ റെയിൽവേ മേൽപാലത്തിൽ ഇന്നലെ ഗതാഗതം തടഞ്ഞു.

ബുധനാഴ്ച വരെ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. മുംബൈയിലും കൊങ്കൺ മേഖലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. താനെ, പാൽഘർ, റായ്ഗഡ് ജില്ലകളിൽ  കനത്ത മഴ ഇന്നും തുടരുമെന്നാണു മുന്നറിയിപ്പ്. സംസ്ഥാനത്ത് മഴയെ തുടർന്ന് വിവിധ അപകടങ്ങളിൽ ഈ വർഷം ഇതുവരെ മരിച്ചവരുടെ എണ്ണം 34 ആയി.

ഞായറാഴ്ചയിലെ പതിവിനു വിപരീതമായി ഇന്നലെ ലോക്കൽ ട്രെയിനുകളിലും ബസുകളിലും തിരക്കg കുറവായിരുന്നു. നിരത്തിൽ വാഹനങ്ങളുടെ എണ്ണവും കുറഞ്ഞു. എന്നാൽ, ചില പ്രദേശങ്ങളിൽ റോഡിലെ വെളളക്കെട്ട് മൂലം വാഹനങ്ങളിൽ വെള്ളം കയറി പലതും  വഴിയിൽ കുടുങ്ങി. പെരുമഴയും വാഹനങ്ങൾ കേടാകുന്നതും ഭയന്ന് ടാക്സികളുടെ എണ്ണം കുറഞ്ഞത് യാത്രക്കാരെ വലച്ചു.  ഉൗബർ, ഓല  കാറുകളെ ആശ്രയിച്ചിരുന്നവരും ഇന്നലെ വലഞ്ഞു.  

നഗരപ്രാന്തങ്ങളിലും മറ്റു ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണു രേഖപ്പെടുത്തിയത്. കല്യാൺ, ഡോംബിവ്‌ലി, അംബർനാഥ്, വസായ് ഭാഗങ്ങളിൽ പലയിടങ്ങളിലും വെള്ളക്കെട്ടുണ്ടായി. ചിലയിടങ്ങളിൽ ഹൗസിങ് കോംപ്ലക്സുകളിൽ വെള്ളംകയറി, നാഗ്പുർ, പാൽഘർ, മുർബാദ്, കൊങ്കൺ തുടങ്ങിയ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച അന്ധേരിയിൽ റെയിൽവേ മേൽപാലം തകർന്നു വീണ് പരുക്കേറ്റ് കൂപ്പർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസ്മിത കട്കർ (45) മരിച്ചു. ഇവർ ഉൾപ്പെടെ അഞ്ചു പേർക്കാണ് അപകടത്തിൽ പരുക്കേറ്റത്.

ഭീതിപരത്തി ഘാട്കോപ്പറിലും വസായിലും പാലത്തിൽ വിള്ളൽ, ഗതാഗതം തടഞ്ഞു

മുംബൈ നഗരത്തിലെ ഘാട്കോപ്പറിലും വസായിലും പാലത്തിൽ വിള്ളൽ കണ്ടതിനെത്തുടർന്ന് ഗതാഗതം തടഞ്ഞു. അന്ധേരിയിൽ നടപ്പാത ദുരന്തത്തിനു പിന്നാലെയാണിത്. 

∙ ഘാട്കോപ്പർ പന്ത് നഗർ റെയിൽവേ മേൽപാലത്തിന്റെ തൂണുകളിലാണ് വിള്ളൽ കണ്ടത്. ഇതേത്തുടർന്ന് ഗതാഗതം തടഞ്ഞ് അറ്റകുറ്റപ്പണി നടത്തി. പാലത്തിനടുത്തുള്ള കുടിലുകളിൽ നിന്ന് ആളുകളോട് മാറിത്താമസിക്കാൻ ബിഎംസി നിർദേശിച്ചു. 

rain-1 മുംബൈ നഗരത്തിൽ കനത്ത മഴ കാരണമുണ്ടായ വെള്ളക്കെട്ടിലൂടെ സൈക്കിളുമായി നീങ്ങുന്ന ബാലൻ.

∙ വസായിൽ റെയിൽ പാളങ്ങൾക്ക് കുറുകെയുള്ള  പഴയ മേൽപാലം അറ്റകുറ്റപ്പണികൾ നടത്താനായി അടച്ചു. 38 വർഷം മുൻപ് നിർമിച്ച  പാലത്തിന്റെ ഗർഡറിലെ കോൺക്രീറ്റ്  ഇളകിയതിനെ തുടർന്നാണിത്. അപകടസാധ്യത മുന്നിൽകണ്ട് റെയിൽവേ അധികൃതർ മാണിക്ക്പുർ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് തൽക്കാലം നിരോധനമേർപ്പെടുത്തുകയായിരുന്നു.

∙ ഹാർബർ ലൈനിൽ തിലക്നഗർ റെയിൽവേ സ്റ്റേഷനിൽ നിന്ന്  200 മീറ്റർ പൻവേൽ ദിശയിലേക്കു മാറി യാത്രക്കാർ ഉപയോഗിക്കാതിരുന്ന മേൽപാലം ഇന്നലെ റെയിൽവേ പൊളിച്ചുനീക്കി. സാന്താക്രൂസ് ചെമ്പുർ ലിങ്ക് റോഡ് റെയിൽവേ മേൽപാലം നിലവിൽ വന്ന ശേഷം ആളുകൾ ഉപയോഗിക്കാതിരുന്ന മേൽപാലമാണ് ഇന്നലെ മെഗാബ്ലോക്കിനിടെ പൊളിച്ചുനീക്കിയത്. 

related stories