വിദേശവനിത മുതൽ ജെസ്ന വരെ; ഹേബിയസ് കോർപ്പസ് ഹർജികളിൽ വർധന

തിരുവനന്തപുരം∙ ഹൈക്കോടതിയിലെത്തുന്ന ഹേബിയസ് കോര്‍പ്പസ് ഹര്‍ജികളുടെ എണ്ണത്തില്‍ വര്‍ധന. 2016 ല്‍ 459 ഹര്‍ജികളാണ് ഹൈക്കോടതിയില്‍ എത്തിയത്. 2017ല്‍ 496 ഹര്‍ജികളെത്തി. ജൂണ്‍മാസം അവസാനം വരെ 271 ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലെത്തിയിട്ടുണ്ട്.

ആരെയെങ്കിലും കാണാതാവുകയോ, മനപൂര്‍വം തടഞ്ഞുവച്ചതായി സംശയം ഉണ്ടാവുകയോ ചെയ്യുമ്പോള്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നല്‍കുന്ന റിട്ട് ഹര്‍ജിയാണ് ഹേബിയസ് കോര്‍പ്പസ്. പത്തനംതിട്ട കൊല്ലമുള സ്വദേശിയായ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി അവസാനമായി വാര്‍ത്തകളില്‍ ഇടംപിടിച്ചത്. കോവളത്തിനു സമീപം കാണാതായ വിദേശവനിതയ്ക്കു വേണ്ടിയും ഹേബിയസ് കോർപ്പസ് ഹർജി സമർപ്പിച്ചിരുന്നു.

∙ എന്താണ് ഹേബിയസ് കോര്‍പ്പസ്?

‘പ്രൊഡ്യൂസ് ദ ബോഡി’ - ശരീരം ഹാജരാക്കുക എന്നതാണു ലളിതമായ അര്‍ഥം. ഒരു വ്യക്തിയുടെ സംരക്ഷണം സ്റ്റേറ്റിന്റെ (സര്‍ക്കാരിന്റെ) ഉത്തരവാദിത്തമാണ്. ഒരാളെ കാണാതാകുമ്പോള്‍ ഉത്തരം പറയേണ്ട ബാധ്യതയും സ്റ്റേറ്റിനുണ്ട്. അതായതു പൊലീസിനുണ്ട്. ഒരാളെ കാണാതാവുകയോ തടഞ്ഞു വയ്ക്കപ്പെടുകയോ തട്ടികൊണ്ടുപോകുകയോ ചെയ്യുമ്പോഴാണു സാധാരണ നിലയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ എത്തുന്നത്. അഞ്ചു റിട്ട് ഹര്‍ജികളില്‍ ഒന്നാണിത്. ഭരണഘടനയുടെ 32ാം അനുച്ഛേദം അനുസരിച്ചു സുപ്രീംകോടതിയിലും അനുച്ഛേദം 226 അനുസരിച്ചു ഹൈക്കോടതിയിലും ഹര്‍ജി നല്‍കാം. 

ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ആര്‍ക്കുവേണമെങ്കിലും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാം. ഹര്‍ജി നല്‍കുന്നയാളുടെ ഉദ്ദ്യേശശുദ്ധി കോടതിക്കു ബോധ്യപ്പെടണം. വിദേശത്തുനിന്നെത്തുന്നവരെ കണ്ടെത്തുന്നതിനും ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കാം. തലസ്ഥാനത്തു കാണാതായി പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ വിദേശ വനിതയുടെ കാര്യം ഉദാഹരണം. ഇവരെ കണ്ടെത്താന്‍ വൈകിയതോടെയാണു ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്.

ഹര്‍ജിയില്‍ നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചാല്‍ കണ്ടെത്തേണ്ട ഉത്തരവാദിത്തം പൊലീസിനുണ്ട്. ഉടന്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തണമെന്നാണു ലളിതകുമാരി വെര്‍സസ് സ്റ്റേറ്റ് ഓഫ് യുപി കേസില്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളത്. ഹര്‍ജിയില്‍ എതിര്‍കക്ഷി പൊലീസായിരിക്കും. നടപടിയെടുക്കാന്‍ വീഴ്ച വന്നാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ശരിയായ കാരണം കോടതിയെ ബോധ്യപ്പെടുത്തണം. 

∙ ഹൈക്കോടതിയിലെത്തിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍

2009 - 505

2010 - 450

2011 - 540

2012 - 608

2013 - 552

2014 - 510

2015 - 473

2016 - 459

2017 - 496

2018 ഇതുവരെ - 271