കലിഫോർണിയ∙ പതിമൂന്നു മക്കളെ വർഷങ്ങളോളം ക്രൂരപീഡനങ്ങൾക്കിരയാക്കിയ മാതാപിതാക്കൾ വിചാരണ നേരിടണമെന്നു കോടതി. കലിഫോർണിയയിലെ റിവർസൈഡ് കൗണ്ടിലാണു സംഭവം. കുട്ടികളുടെ പിതാവ് ഡേവിഡ് അലൻ ടുർപിൻ (57), മാതാവ് ലൂയിസ് അന്ന ടുർപിൻ (49) എന്നിവരാണു വിചാരണ നേരിടേണ്ടത്. മക്കളിലൊരാൾ വീട്ടിൽനിന്നു രക്ഷപ്പെട്ടതോടെയാണു പട്ടിണിക്കിട്ടും കെട്ടിയിട്ടു മർദിച്ചുമുള്ള മാതാപിതാക്കളുടെ പീഡനങ്ങൾ പുറംലോകമറിയുന്നത്. വീടിന്റെ ജനലിലൂടെ പുറത്തിറങ്ങിയ പതിനേഴുകാരി വിളിച്ചറിയിച്ചതിനെ തുടർന്ന് അധികൃതർ പരിശോധന നടത്തുകയായിരുന്നു.
ദുർഗന്ധം വമിക്കുന്ന വീട്ടിൽ കുളിക്കാൻ പോലും അനുവാദമില്ലാതെ കഴിയുകയായിരുന്നു രണ്ടു മുതൽ 29 വയസ്സ് വരെ പ്രായമുള്ള കുട്ടികൾ. മതിയായ ഭക്ഷണം ലഭിക്കാതെ വളര്‍ച്ച മുരടിച്ച കുട്ടികളുടെ ശരീരത്തിൽ ശിക്ഷകളുടെ അടയാളമായി മുറിവുകളുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കെത്തുമ്പോൾ മുറിയില്‍ പൂട്ടിയിട്ട നിലയിലും കട്ടിലിൽ ബന്ധിക്കപ്പെട്ടുമായിരുന്നു കുട്ടികൾ. ഇവരെ ആശുപത്രിയിലെത്തിച്ച പൊലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തു.
തടവിൽനിന്നു രക്ഷപ്പെട്ട കുട്ടിയും പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഫോൺ സംഭാഷണം കേട്ട കോടതി, കുട്ടികളുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയതിനാൽ മാതാപിതാക്കൾ വിചാരണ നേരിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇരുവർക്കുമെതിരെ 50 വകുപ്പുകളിലാണു കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ 94 വർഷം വരെ തടവ് അനുഭവിക്കേണ്ടി വരും.