ലണ്ടൻ ∙ സുഹൃത്താകാൻ നിർദേശിച്ചു കൗമാര പെൺകുട്ടികളുടെ ഫെയ്സ്ബുക് അക്കൗണ്ടുകളിലേക്കു മധ്യവയസ്കരായ പുരുഷന്മാരുടെ പ്രൊഫൈലുകൾ കൂടുതലായി എത്തുന്നുവെന്നു പരാതി. 13 വയസ്സു മുതലുള്ള പെണ്‍കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് ഇത്തരത്തിൽ മുന്നൂറിലധികം ‘ഫ്രണ്ട് സജഷൻസ്’ എത്തുന്നുണ്ടെന്നു ബ്രിട്ടിഷ് ദിനപത്രമായ ‘ദ് ടെലിഗ്രാഫ്’ റിപ്പോർട്ട് ചെയ്തു. മേൽവസ്ത്രമില്ലാത്ത പുരുഷന്മാരുടെ ചിത്രങ്ങളടങ്ങിയ പ്രൊഫൈലുകളടക്കം പെൺകുട്ടികളിലേക്കു വ്യാപകമായി എത്തിച്ച് ഫെയ്സ്ബുക്ക് ‘ഗ്രൂമേഴ്സി’നെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു.
ലൈംഗികമായി ഉപയോഗിക്കുക, അല്ലെങ്കിൽ കുട്ടികളെ കടത്തുന്നതിനു മുന്നോടിയായി വശീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു ‘ഗ്രൂമർമാർ’ സമൂഹമാധ്യമങ്ങളിൽ പ്രവർത്തിക്കുക. കുട്ടികളുമായി വൈകാരിക ബന്ധം സ്ഥാപിച്ച് അവരെ കുടുക്കുന്നതാണ് ഇത്തരക്കാരുടെ രീതി. കുട്ടികൾക്കു മധ്യവയസ്കരുടെ ‘ഫ്രണ്ട് സജഷനുകൾ’ നൽകുന്നതിലൂടെ ഇത്തരത്തിലുള്ള ആൾക്കാർക്ക് എളുപ്പം ഇരകളെ കണ്ടെത്താനുള്ള സഹായമാണ് ഫെയ്സ്ബുക് ഒരുക്കുന്നതെന്നാണ് ആരോപണം. എന്നാൽ കൗമാര പെൺകുട്ടികളെ ലക്ഷ്യംവച്ചു കൊണ്ടു മാത്രമല്ല ഈ രീതിയെന്നും ഇത്തരം നിർദേശങ്ങൾ നിയന്ത്രിക്കാനുള്ള സംവിധാനം അക്കൗണ്ടിൽ തന്നെയുണ്ടെന്നും ഫെയ്സ്ബുക് പ്രതികരിച്ചു.
കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനു യുകെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടനയായ എൻഎസ്പിസിസി റിപ്പോർട്ടിനെ തുടർന്നു ഫെയ്സ്ബുക്കിനെതിരെ രംഗത്തുവന്നു. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ സമൂഹമാധ്യമങ്ങളിൽ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇത്തരത്തിലുള്ള പ്രവണതകൾ ഒഴിവാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കുട്ടികളെ എളുപ്പത്തിൽ അതിക്രമങ്ങൾക്ക് ഇരയാക്കാൻ ഈ രീതികൾ സഹായിക്കും. അതുകൊണ്ട് കുട്ടികളുടെ അക്കൗണ്ടിൽ ‘ഫ്രണ്ട് സജഷൻസ്’ തടയണമെന്നും എൻഎസ്പിസിസി ആവശ്യപ്പെട്ടു.
ഫെയ്സ്ബുക് കുട്ടികൾക്കു കൂടുതൽ സുരക്ഷിതവും സൗഹൃദപരവുമാക്കുന്നതിനു വിദഗ്ധരുടെ നേതൃത്വത്തിൽ ഗവേഷണങ്ങൾ തുടരുകയാണെന്നു വക്താവ് അറിയിച്ചു. ‘ഗ്രൂമിങ്’ ഗൗരവകരമായ വിഷയം തന്നെയാണ്. ഇതു തടയുന്നതിന് ആർടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്താനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളുടെ നഗ്നത പ്രകടിപ്പിക്കുന്ന 8.7 ദശലക്ഷം ചിത്രങ്ങളാണ് ഒക്ടോബറിൽ ഫെയ്സ്ബുക് നീക്കം ചെയ്തത്.