കൊച്ചി∙ കേരള മാധ്യമ ചരിത്രത്തിൽ നിർണായക സ്വാധീനം ചെലുത്തുന്ന മനോരമ ന്യൂസ് കോൺക്ലേവിന് ചിരി ചർച്ചയോടെ സമാപനം. ‘ചിരിയുടെ സ്വാതന്ത്ര്യം’ എന്ന വിഷയത്തിലെ ചർച്ചയാണ് ഏറ്റവും അവസാനം കോൺക്ലേവിൽ നടന്നത്. ഫാദർ ജോസഫ് പുത്തൻപുരയ്ക്കൽ, നടനും നിയമസഭാസാമാജികനുമായ മുകേഷ്, നടനും സംവിധായകനുമായ ജോയ് മാത്യു എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എഴുത്തിലെ സ്വാതന്ത്ര്യം എന്ന വിഷയത്തിൽ സാഹിത്യകാരൻ എം.മുകുന്ദന്‍, മനു എസ്.പിള്ള, നടിയും ഡബ്ല്യുസിസി അംഗവുമായ പത്മപ്രിയ എന്നിവർ പങ്കെടുത്ത് അഭിപ്രായം അറിയിച്ചിരുന്നു.
‘സ്വാതന്ത്ര്യത്തിന്റെ വില’ എന്ന വിഷയത്തിൽ സുപ്രീം കോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് ചെലമേശ്വർ പങ്കെടുത്തു സംസാരിച്ചു. നേരത്തേ, കേന്ദ്ര സഹമന്ത്രി കിരൻ റിജ്ജും കോൺക്ലേവിൽ പങ്കെടുത്തു സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചിരുന്നു. കേരളത്തിൽ നിക്ഷേപകർക്കു സ്വാതന്ത്ര്യമുണ്ടോ? എന്ന വിഷയത്തിൽ മന്ത്രി ജി. സുധാകരൻ, വ്യവസായികളായ എം.എ. യൂസഫലി, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, വി.കെ.മാത്യൂസ് എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യം ആരുടേത്? പൊലീസിന്റേതോ സാധാരണക്കാരുടേതോ? എന്ന വിഷയത്തിൽ ഡിജിപി ലോക്നാഥ് ബെഹ്റ, ജസ്റ്റിസ് കെമാൽ പാഷ, നടനും നിർമാതാവുമായ സിദ്ധിഖ് എന്നിവരും പങ്കെടുത്തു.
രാവിലെ കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റത്തോഡും തെന്നിന്ത്യൻ താരം കമൽഹാസനും തിരി തെളിച്ചതോടെയാണ് കോൺക്ലേവിന് ഔദ്യോഗിക ഉദ്ഘാടനമായത്. ചടങ്ങ് ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി രാജ്യവർധൻ സിങ് റത്തോഡ് സംസാരിച്ചു. പിന്നാലെ കമൽഹാസന്റെ സെഷനും നടന്നു. പിന്നാലെ രാഷ്ട്രീയ സ്വാതന്ത്രത്തെക്കുറിച്ചുള്ള ചർച്ചയിൽ മുഹമ്മദ് യൂസഫ് തരിഗാമി, ശശി തരൂർ, അൽഫോൻസ് കണ്ണന്താനം എന്നിവർ പങ്കെടുത്തു. ശേഖര്‍ ഗുപ്തയായിരുന്നു മോഡറേറ്റർ. സ്വതന്ത്ര മാധ്യമരംഗം ഭീഷണിയിലാണോ? എന്ന വിഷയത്തിൽ ഡിഎംകെ നേതാവ് കനിമൊഴിയും ‘പോരാളികളുടെ സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ കഠ്‌വ പെൺകുട്ടിയുടെ അഭിഭാഷക അഡ്വ. ദീപിക സിങ് രജാവത്ത് സംസാരിച്ചു.