കൊച്ചി∙ ചിരിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയിൽ ചിരിച്ചുമറിഞ്ഞു സദസ്യർ, കൊണ്ടും കൊടുത്തും പാനൽ അംഗങ്ങൾ. നടൻ മുകേഷും ജോയ് മാത്യുവും ഫാദർ ജോസഫ് പുത്തൻപുരയ്ക്കലും ചേർന്ന പാനൽ ചർച്ചയാണു മനോരമ ന്യൂസ് കോൺക്ലേവിൽ ചിരിയുടെ ‘ആശയോത്സവം’ സമ്മാനിച്ചത്. ചിരിയെക്കുറിച്ചുള്ള ഗൗരവതരമായ ചിന്തകളും ചർച്ചയിൽ പങ്കുവയ്ക്കപ്പെട്ടു.
LIVE Updates - മനോരമ ന്യൂസ് കോൺക്ലേവ്
ചിരിയനുഭവത്തിൽ മുകേഷ് പറഞ്ഞത്:
തിരുവനന്തപുരത്ത് ചലച്ചിത്ര പ്രവർത്തകരുടെ പ്രകടനമുണ്ടായിരുന്നു. താരങ്ങളെ കാണാൻ ഇരുവശത്തും വൻ ജനക്കൂട്ടം നിരന്നു. ഇതു തങ്ങളുടെ ശക്തിപ്രകടനമാണെന്നായിരുന്നു പിന്നീട് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രി ഇ.കെ.നായനാരെ കണ്ടപ്പോൾ പറഞ്ഞത്. അത്രയേറെ പേരായിരുന്നു പ്രകടനത്തിനൊപ്പം. എന്നാൽ ‘ഉണ്ണിമേരിയുടെ ഡാൻസ് വച്ചിരുന്നെങ്കിൽ ഇതിനേക്കാളുമേറെ പേർ വന്നിരുന്നേനെ’ എന്നായിരുന്നു നായനാരുടെ മറുപടി. അന്നത്തെ ആ ചിരിയുടെ ലഹരി എന്റെ തലമുറ അനുഭവിച്ചു. പക്ഷേ എന്റെ മകന്റെ തലമുറയ്ക്ക് അത് അന്യമാണ്. ഇന്ന് അങ്ങനെയൊരു തമാശ പറയാനാകാത്ത അവസ്ഥയാണ് – മുകേഷ് പറഞ്ഞു.
ജോയ് മാത്യുവിന്റെ വാക്കുകള്‍:
തമാശ പറയുമ്പോൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. എന്നാൽ നേരത്തേ അങ്ങനെയായിരുന്നില്ല. ഇന്നൊരു സ്ത്രീയെ ‘പെണ്ണ്’ എന്നു വിളിക്കാനാകാത്ത അവസ്ഥയാണ്. പല തരം മുന്നേറ്റങ്ങൾ വരുന്നതിനൊപ്പം ഭാഷയിലും അതു സംഭവിക്കുന്നുണ്ട്. ചില വാക്കുകൾ എഴുതുമ്പോള്‍ പോലും വളരെ ശ്രദ്ധിക്കണം. 25 കൊല്ലം മുൻപുള്ള കേരളമല്ല ഇന്നുള്ളത്. ഇന്ന് എല്ലാവരെയും ജാതി തിരിച്ചു കാണുന്ന രീതിയാണ്. ഇത്രയൊക്കെ ഇടപെടലുണ്ടായിട്ടും സമൂഹം മാറിയിട്ടില്ലെന്നു വേണം ഇതില്‍നിന്നു മനസ്സിലാക്കാൻ. ട്രോളിനെ ഭയക്കുന്നവരുള്ളതു നല്ലതാണ്. തെറ്റായ കാര്യങ്ങൾ ചെയ്യുന്നവരെ ഭയപ്പെടുത്താനുള്ള സമൂഹത്തിന്റെ ഉപകരണമാണ് ട്രോളുകൾ. തനിക്കെതിരെ ട്രോളുകൾ ആസ്വദിക്കുന്നുണ്ട്. എന്നാൽ ക്ഷമിക്കുന്നതിനു പരിമിതികളുണ്ട്. വ്യക്തിപരമായ ആക്രമണമുണ്ടാകുമ്പോള്‍ തിരിച്ചടിച്ചിട്ടുമുണ്ട്.
ഫാ.ജോസഫ് പുത്തൻപുരയ്ക്കലിന്റെ വാക്കുകൾ:
ചിരി ദൈവത്തിന് ഇഷ്ടമല്ലെന്ന് വിശ്വസിക്കുന്നവരുണ്ട്. ക്രിസ്തു ചിരിച്ചിട്ടില്ലല്ലോ എന്നു ചോദിച്ചവരുണ്ട്. അവരോടു ഞാൻ തിരികെ ചോദിച്ചത് ക്രിസ്തു കുളിച്ചിട്ടുണ്ടോ എന്നാണ്. കുളിച്ചിട്ടുണ്ടെങ്കിൽ അവൻ ചിരിച്ചിട്ടുമുണ്ട് എന്നാണ് അവരോടുള്ള എന്റെ മറുപടി. മനഃപൂർവം ആരെയും മുറിപ്പെടുത്താതെയാണു പലപ്പോഴും സംസാരിക്കാറുള്ളത്.
ഒരു കഥയുണ്ട്.
ചൈനയിൽനിന്ന് ഒരു നായ്ക്കുട്ടി ഏറെ കഷ്ടപ്പെട്ടു ന്യൂയോർക്കിലെത്തി. ഗംഭീര സ്വീകരണം ലഭിച്ചു. രാത്രിയായപ്പോള്‍ ഒരു ഇറച്ചിക്കഷണത്തിനു വേണ്ടി അമേരിക്കയിലെ നായ്ക്കുട്ടികൾ കടിപിടി കൂടുന്നു. എന്നാൽ തന്റെ രാജ്യത്ത് വൈകിട്ട് കൃത്യസമയത്ത് ഓരോരുത്തർക്കും വേണ്ട ഇറച്ചി കിട്ടുമെന്നായിരുന്നു ചൈനീസ് നായ്ക്കുട്ടിയുടെ പറച്ചിൽ. പിന്നെ എന്തിനാണു കഷ്ടപ്പെട്ട് അമേരിക്കയിലേക്കു വന്നതെന്നായി മറുവിഭാഗം.
ഒന്നു കുരയ്ക്കാൻ വേണ്ടിയാണെന്നായിരുന്നു മറുപടി.
തനിക്കെതിരെ ആരെങ്കിലും ‘കുരയ്ക്കുന്നതിൽ’ പരാതിയില്ല. അവർ കുരയ്ക്കട്ടെ, ഞാൻ മുന്നോട്ടു തന്നെ പോകും.