Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മീ ടൂ വെളിപ്പെടുത്തൽ: മുകേഷിനെതിരെ കേസ് എടുക്കാനാകില്ലെന്നു നിയമോപദേശം

Mukesh മുകേഷ്

കൊല്ലം∙ മീ ടൂ വെളിപ്പെടുത്തലിൽ നടന്‍ മുകേഷിനെതിരെ കേസ് എടുക്കാനാകില്ലെന്നു പൊലീസിനു നിയമോപദേശം. സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതിയിലാണു കൊല്ലം സിറ്റി പൊലീസ് നിയമോപദേശം തേടിയത്. 

19 വർഷം മുൻപു ചാനൽ പരിപാടി ചിത്രീകരണത്തിനു ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ, അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തിയെന്നും തന്റെ മുറി സ്വന്തം മുറിയുടെ തൊട്ടടുത്താക്കാൻ ശ്രമിച്ചെന്നുമായിരുന്നു സിനിമാ സാങ്കേതിക പ്രവർത്തക ടെസ് ജോസഫിന്റെ വെളിപ്പെടുത്തൽ. ദുരനുഭവം തന്റെ മേധാവിയായിരുന്ന ഡെറക് ഒബ്രിയനോടു പറഞ്ഞപ്പോൾ ആ പരിപാടിയിൽനിന്ന് ഒഴിവാക്കിത്തന്നുവെന്നും ടെസ് പറഞ്ഞിരുന്നു.

എന്നാൽ ആരോപണം എം.മുകേഷ് എംഎൽഎ തള്ളി. ‘അങ്ങനെയൊരു സംഭവം ഓർമയിലില്ല. തെറ്റിദ്ധരിച്ചതാകാനാണു സാധ്യത. ഫോണിൽ നിരന്തരം വിളിച്ചു ശല്യപ്പെടുത്തി എന്നാണ് ആരോപണം. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. മുകേഷ് കുമാർ എന്നു പറഞ്ഞു മറ്റാരെങ്കിലും വിളിച്ചതാകാം. ടെസ് ജോസഫിനെ കണ്ടതായി ഓർക്കുന്നില്ല’– മുകേഷ് പറഞ്ഞു.

തന്റെ ഏറ്റവുമടുത്ത സുഹൃത്തും ഗുരുവുമാണ് ഒബ്രിയൻ. 10 വർഷം മുൻപും ഒബ്രയനെ കണ്ടിരുന്നു. കേരളത്തിൽ എനിക്കാകെയുള്ള സുഹൃത്ത് മുകേഷ് ആണെന്ന് അദ്ദേഹം തോളിൽ തട്ടി പറഞ്ഞു. എന്തെങ്കിലും പ്രശ്നമുണ്ടായിരുന്നെങ്കിൽ ഒരിക്കലും അദ്ദേഹം സൗഹൃദം പങ്കുവയ്ക്കുമായിരുന്നില്ല. ടെസ് ജോസഫിനെതിരെ മാനനഷ്ടക്കേസ് നൽകണോയെന്നു പാർട്ടിയുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും മുകേഷ് പറഞ്ഞു.

related stories