ചെന്നൈ∙ രേഖാമൂലം മാപ്പു പറയുകയും ഒന്നര ലക്ഷം പിഴയൊടുക്കുകയും ചെയ്താൽ അംഗത്വം പുനഃസ്ഥാപിക്കാമെന്നു ഗായിക ചിന്മയിയോടു സൗത്ത് ഇന്ത്യൻ ഡബ്ബിങ് യൂണിയൻ. കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ‘മീടൂ’ ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണു ചിന്മയിയെ യൂണിയൻ പുറത്താക്കിയത്. വാർഷിക വരിസംഖ്യ അടയ്ക്കുന്നതിൽ വീഴ്ചവരുത്തി എന്ന കാരണം പറഞ്ഞായിരുന്നു നടപടി.
‘അംഗത്വ അപേക്ഷാ ഫീസ് 2500 രൂപയാണെന്നിരിക്കെ, ഒന്നരലക്ഷം കൊടുക്കണമെന്നു പറയുന്നത് എന്തു ന്യായമാണ്? 2006 മുതൽ യൂണിയനിൽ അംഗമാണ്. അന്നു മുതൽ പ്രതിഫലത്തിന്റെ നിശ്ചിത പങ്ക് യൂണിയനു നൽകുന്നുമുണ്ട്. യൂണിയനോടും പ്രസിഡന്റ് രാധാ രവിയോടും മാപ്പു പറയാൻ നിർബന്ധിക്കുകയാണ്. ഇപ്പോൾ ഒരു കാര്യം വ്യക്തമായി. ലൈംഗിക അതിക്രമത്തെക്കുറിച്ച് പരാതിപ്പെട്ടാൽ നിങ്ങൾ വീട്ടുവേലയ്ക്കു പോകുക. യൂണിയനിലെ സ്ത്രീകൾ കൂടി കയ്യടിച്ചാണ് ഇത്തരം തീരുമാനങ്ങൾ പാസാക്കുന്നത്. സന്ദേശം വ്യക്തമാണ്. മിണ്ടാതിരിക്കുക’– ചിന്മയി ട്വീറ്റ് ചെയ്തു.
യൂണിയൻ അംഗങ്ങൾക്കു മാത്രമാണു സിനിമകളിലും സീരിയലുകളിലും ഡബ്ബിങ് അവസരം.