ന്യൂഡൽഹി∙ മീടൂ ആരോപണത്തിൽ അകപ്പെട്ട മലയാളി ഐടി ഉദ്യോഗസ്ഥൻ സ്വരൂപ് രാജ് (35) ജീവനൊടുക്കിയ സംഭവത്തിൽ കമ്പനി അധികൃതർക്കെതിരെ ഭാര്യ കൃതി ശ്രീവാസ്തവ് പരാതി നൽകി. ജെൻപാക്ട് അസി. വൈസ് പ്രസിഡന്റായിരുന്ന കോതമംഗലം സ്വദേശിയാണു കഴിഞ്ഞദിവസം ജീവനൊടുക്കിയത്.
കമ്പനി അധികൃതർ നടപടികൾ പാലിച്ചില്ലെന്നും സ്വരൂപിന്റെ നേട്ടങ്ങളിൽ അതൃപ്തിയുണ്ടായിരുന്നവർ വ്യക്തിഹത്യ ചെയ്യുകയായിരുന്നെന്നും ആരോപിച്ചാണു കൃതി പൊലീസിനെ സമീപിച്ചത്.
അതേ കമ്പനിയിലെ ജീവനക്കാരിയാണിവരും. സ്വരൂപിന്റെ ഭാഗം കേൾക്കാൻ ആരും തയാറായില്ലെന്നും ആരോപിച്ചു.
പരാതി ഉന്നയിച്ച 2 വനിതാ ജീവനക്കാർ, കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥർ, ആഭ്യന്തര പരാതി പരിഹാര സമിതി അംഗം(ഐസിസി) എന്നിവരുൾപ്പെടെ 5 പേർക്കെതിരെ നൽകിയ പരാതിയിൽ കേസ് റജിസ്റ്റർ ചെയ്തു.