ജിഎൻപിസി കേസ്: ഗ്രൂപ്പ് അഡ്മിനെതിരെ ലുക്കൗട്ട് നോട്ടിസിന് പൊലീസ് തീരുമാനം

തിരുവനന്തപുരം∙ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജിഎൻപിസി) ഫെയ്സ്ബുക് ഗ്രൂപ്പിലെ പ്രവർത്തനങ്ങളുടെ പേരിൽ നേമം പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ, ഗ്രൂപ്പ് അഡ്മിൻ ടി.എൽ. അജിത്കുമാറിെനതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കാൻ തീരുമാനം. വിദേശത്തേക്കു കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് പൊലീസ് നോട്ടിസ് പുറപ്പെടുവിച്ചത്. 

നേരത്തേ ജിഎൻപിസി കൂട്ടായ്മയുടെ പേരിൽ മദ്യസൽക്കാരം ഒരുക്കിയ പാപ്പനംകോട്ടെ ബാർ ഹോട്ടലിൽ എക്സൈസ് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു. അജിത് കുമാർ‌ പാർട്ടി നടത്തുന്നതിനായി ഹാൾ ബുക്ക് ചെയ്തതിന്റെ രേഖകളാണു ശേഖരിച്ചത്. മദ്യക്കച്ചവടം നടത്തിയതിനു തെളിവുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അജിത്കുമാറിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി എക്സൈസ് കോടതിയിൽ റിപ്പോർട്ടും നൽകി.

മദ്യപാനത്തെ പ്രോൽസാഹിപ്പിച്ചു എന്ന നിസ്സാര കുറ്റം ചുമത്തിയാണ് ആദ്യം കേസെടുത്തിരുന്നത്. ഇത് ആറു മാസത്തെ തടവും 10,000 രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമായിരുന്നു. എന്നാൽ, അനധികൃത മദ്യക്കച്ചവടം നടത്തിയെന്ന പുതിയ കുറ്റത്തിന് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം.

ജിഎൻപിസി ഫെയ്സ്ബുക് കൂട്ടായ്മ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടു പൊലീസ് സൈബർ സെൽ വഴി എക്സൈസ് അധികൃതർ ഫെയ്സ്ബുക്കിനോട് ആവശ്യപ്പെട്ടെങ്കിലും സാധിക്കില്ലെന്നായിരുന്നു മറുപടി. തലസ്ഥാനത്തു സംഘടിപ്പിച്ചതു പോലുള്ള മദ്യസൽക്കാരങ്ങൾ മൂന്നുവട്ടം വിദേശത്തും നടത്തിയതായും കണ്ടെത്തിയിരുന്നു. എന്നാൽ നിയമതടസ്സമുള്ളതിനാൽ അതിനു കേസെടുത്തിട്ടില്ല. 

ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്റർമാരായ അജിത്കുമാറിനും ഭാര്യയ്ക്കുമെതിരെയാണു ഗൗരവമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്. 37 മോഡറേറ്റർമാർക്കെതിരെ നിസ്സാര വകുപ്പുകളേയുള്ളൂ. നേമം പൊലീസ് റജിസ്റ്റർ ചെയ്ത മൂന്നു കേസുകളും അജിത്കുമാറിനെതിരെ മാത്രമാണ്. ജിഎൻപിസിക്കു സമാനമായ പേരുകളിലുള്ള കൂട്ടായ്മകൾക്കെതിരെ തൽക്കാലം നടപടി എടുക്കാൻ തീരുമാനിച്ചിട്ടില്ലെന്നും എക്സൈസ് വ്യക്തമാക്കി.