Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരക്കടലാസുകൾ പരീക്ഷാർഥിക്കു പരിശോധിക്കാം; തടയരുതെന്ന് സുപ്രീംകോടതി

exam പ്രതീകാത്മക ചിത്രം

ന്യൂഡൽഹി∙ ഉത്തരക്കടലാസുകൾ മൂല്യനിർണയത്തിനു ശേഷവും പരീക്ഷാർഥികൾക്കു പരിശോധിക്കാൻ അനുമതി നൽകി സുപ്രീംകോടതി. ഉത്തർപ്രദേശ് പബ്ലിക് സർവീസ് കമ്മിഷനുമായി (യുപി പിഎസ്‌സി) ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെയാണ് ആവശ്യമെങ്കിൽ മൂല്യനിർണയത്തിനു ശേഷവും ഉത്തരക്കടലാസ് പരിശോധനയ്ക്കു നൽകണമെന്ന നിർദേശം കോടതി നൽകിയത്.

വിദ്യാർഥിക്ക് ഉത്തരക്കടലാസ് നൽകുന്നതു പൊതുതാൽപര്യത്തെയോ സർക്കാരിന്റെ പ്രവർത്തനത്തെയോ യാതൊരു തരത്തിലും ബാധിക്കുകയില്ല. നേരത്തേ സിബിഎസ്ഇയും ആദിത്യ ബന്ദോപാധ്യായയും തമ്മിലുള്ള കേസിൽ ഇക്കാര്യം വ്യക്തമാക്കിയതുമാണെന്നും ജസ്റ്റിസുമാരായ മദൻ ബി.ലോക്കുർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.

യുപി സ്വദേശി മ്രാദുൽ മിശ്രയാണ് ഇതു സംബന്ധിച്ച ഹർജി നൽകിയത്. വിവരാവകാശ നിയമ പ്രകാരം ഉത്തരക്കടലാസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇദ്ദേഹത്തിനു നൽകിയില്ല. ഇതിനെ വെല്ലുവിളിച്ചു നൽകിയ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു. ഇതിനെതിരെയാണു മ്രാദുൽ സുപ്രീംകോടതിയെ സമീപിച്ചത്.

പരീക്ഷാർഥിക്ക് എപ്പോൾ, എവിടെ വച്ച് ഉത്തരക്കടലാസുകൾ പരിശോധിക്കാനാകും എന്ന കാര്യത്തിൽ നാലാഴ്ചയ്ക്കകം മറുപടി നൽകണമെന്നും യുപി പിഎസ്‌സിയോടു കോടതി നിർദേശിച്ചു.

related stories