തിരുവനന്തപുരം∙ സ്വതന്ത്ര എല്‍പി സ്കൂളുകളിലും സംസ്കൃതപഠനം ആരംഭിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നു ബാലാവകാശ കമ്മിഷൻ ഉത്തരവിറക്കി. മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ കൊല്ലം എഴുകോൺ സ്വദേശിനി സമീക്ഷ നല്‍കിയ ഹര്‍ജിയിലാണു ബാലാവകാശ കമ്മീഷൻ തീര്‍പ്പ് കല്‍പിച്ചത്. സ്വതന്ത്ര എല്‍പി സ്കൂൾ വിദ്യാര്‍ഥി ആയിരിക്കെ സംസ്കൃതം പഠിക്കാൻ അവസരമൊരുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമീക്ഷ പരാതി നല്‍കിയത്.
2012ലാണ് കേരള സര്‍ക്കാര്‍ സംസ്ഥാനത്ത് ഒന്നാം ക്ലാസ് മുതല്‍ സംസ്കൃതപഠനം ആരംഭിച്ചത്. എന്നാല്‍ യുപി അറ്റാച്ച്ഡ് എല്‍പി സ്കൂളുകളില്‍ മാത്രമാണു സംസ്കൃത പഠനം ആരംഭിക്കാൻ അനുമതി ലഭിച്ചിരുന്നുള്ളു. ഒന്നാം ക്ലാസ് മുതൽ സംസ്കൃത പഠനം ആരംഭിക്കുകയും പാഠപുസ്തകം, അധ്യാപക സഹായി, ചോദ്യപേപ്പര്‍, അധ്യാപകപരിശീലനം, സ്കോളര്‍ഷിപ്പ് എന്നിവയും തയാറാക്കി നടത്തിവരുന്നുണ്ട്.
എന്നാല്‍ തസ്തിക നിര്‍ണയത്തില്‍ എല്‍പി ക്ലാസുകളിലെ സംസ്കൃത പഠനം ഇന്നുവരെ പരിഗണിച്ചിട്ടില്ല. അതുമൂലം പഠിപ്പിക്കുന്നതിന് ആവശ്യമായ അധ്യാപകരുടെ സേവനം ഉറപ്പുവരുത്താനായിട്ടില്ല. ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളില്‍ സംസ്കൃത പഠനം ഉണ്ടെങ്കിൽ 40 പിരീഡുകള്‍ ഒരധ്യാപകന്‍ തന്നെ പഠിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.