വാഷിങ്ടൻ∙ ദോക് ലായിൽ നിർത്തിവച്ചിരുന്ന നിർമാണ പ്രവർത്തനങ്ങൾ ഉൾപ്പെടെ ചൈന പുനഃരാരംഭിച്ചതായി യുഎസ്. ഇക്കാര്യത്തിൽ യാതൊന്നും ചെയ്യാതെ കണ്ണടയ്ക്കുന്ന നിലപാടാണ് ഇന്ത്യയും ഭൂട്ടാനും സ്വീകരിക്കുന്നതെന്നും യുഎസ് സെനറ്റംഗം ആൻ വാഗ്നർ ആരോപിച്ചു. എന്നാൽ പ്രസ്താവന ഇന്ത്യ തള്ളിക്കളഞ്ഞു. സൗത്ത് ചൈന കടലിലെ ചൈനീസ് സൈനിക കടന്നുകയറ്റം സംബന്ധിച്ച സെനറ്റ് ചർച്ചയ്ക്കിടെയാണ് ദോക് ലാ വിഷയവും ഉയർന്നു വന്നത്.
ഭൂട്ടാനു സമീപം ഇന്ത്യ–ചൈന അതിർത്തിയിലെ തർക്കഭൂമിയാണ് ദോക് ലാ. ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ കഴിഞ്ഞ വർഷം ഇവിടെ 73 ദിവസത്തോളം സംഘർഷം നിലനിന്നിരുന്നു. യുദ്ധ ഭീതിയിലേക്കു വരെ ഇതു നയിച്ചു. അതിർത്തിയോടു ചേർന്നു ചൈനയുടെ റോഡു നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. തുടർന്നു നടന്ന ചർച്ചയിലാണ് ഇരുരാജ്യങ്ങളും ദോക് ലായിലെ നിർമാണ പ്രവൃത്തികൾ നിർത്താൻ തീരുമാനിച്ചത്. 2017 ഓഗസ്റ്റ് 28നു ശേഷം ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടില്ല.
ഹിമാലയൻ മേഖലയിലെ കടന്നുകയറ്റത്തെ സൗത്ത് ചൈന കടലുമായി ബന്ധപ്പെട്ടുള്ള നയങ്ങളിന്മേൽ ചൈനയുടെ പ്രതികരണമാണ് ഓർമിപ്പിക്കുന്നതെന്ന് വാഗ്നറുടെ പ്രസ്താവന ഈ സാഹചര്യത്തിലാണു ചർച്ചയാകുന്നത്. എന്നാൽ ഇതിനെപ്പറ്റി കൂടുതൽ വിശദീകരണങ്ങളിലേക്ക് അവർ കടന്നില്ല.
അതേസമയം യുഎസിൽ നിന്നുള്ള പ്രസ്താവനയെ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ സമാധാന ചർച്ചയ്ക്കു ശേഷമുണ്ടായ അതേ സ്ഥിതിവിശേഷമാണു ദോക് ലായിൽ തുടരുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്ങാണു രാജ്യസഭയിൽ വ്യക്തമാക്കിയത്. പിന്നീട് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം ആവർത്തിച്ചു.