Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറ്റൊരു ‘ദോക് ലാ’ താങ്ങാവുന്നതിലപ്പുറം; ത്രിരാഷ്ട്ര ഉച്ചകോടിയാവാം: ചൈന

modi-in-china ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങും. (ഫയൽ ചിത്രം)

ന്യൂഡൽഹി ∙ മറ്റൊരു ദോക് ലാ ആവർത്തിക്കാതിരിക്കാൻ ഇന്ത്യയും ചൈനയും പരസ്പരം സ്വീകാര്യമായ പരിഹാരങ്ങൾ കണ്ടെത്തണമെന്നു ചൈനീസ് നയതന്ത്ര പ്രതിനിധി ലുഓ സവോഹുയി. ചൈനീസ് എംബസിയിൽ നടന്ന സെമിനാറിൽ  ‘വുഹാനപ്പുറം: ഇന്ത്യ–ചൈന ബന്ധം മുമ്പോട്ട് എങ്ങനെ’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ‘പ്രത്യേക പ്രതിനിധികൾ തമ്മിലുള്ള ചർച്ചയിലൂടെ മാത്രമേ അതിർത്തിതർക്കങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്താനാവൂ.’- സവോഹുയി പറഞ്ഞു. ഇന്ത്യ, ചൈന, പാക്കിസ്ഥാൻ എന്നീ മൂന്നു രാജ്യങ്ങൾ തമ്മിലൊരു ഉച്ചകോടി എന്ന ആശയം ചില ഇന്ത്യൻ സുഹൃത്തുക്കൾ പങ്കുവച്ചിട്ടുണ്ടെന്നും ക്രിയാത്മകമായ ആശയമാണതെന്നും സവോഹുയി പറഞ്ഞു.

ഇന്ത്യയും ചൈനയും തമ്മിലുള്ള ഭിന്നതകൾ പരസ്പര സഹകരണത്തിലൂടെ നിയന്ത്രിക്കണം. മറ്റൊരു ദോക് ലാ നമുക്ക് താങ്ങാവുന്നതിലപ്പുറമാണ്. ടിബറ്റിലെ തീർഥാടന കേന്ദ്രമായ കൈലാസ് മാനസസരോവറിലേക്കു തുടർന്നും തീർഥാടകർക്കു പ്രവേശിക്കാനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ജൂൺ മുതൽ ഓഗസ്റ്റ് വരെ സിക്കിം അതിർത്തി പ്രദേശമായ ദോക് ലായിൽ ഇന്ത്യയും ചൈനയും നിരവധി തവണ ഏറ്റുമുട്ടിയിരുന്നു. ഇതിനെ തുടർന്ന് കൈലാസ് മാനസസരോവറിലേക്കുള്ള ഇന്ത്യൻ തീർഥാടകരുടെ പ്രവേശനം ചൈന നിരോധിച്ചിരിക്കുകയായിരുന്നു. ചെനീസ് ടിബറ്റിൽ ഉത്ഭവിക്കുന്ന ബ്രഹ്മപുത്ര, സിന്ധു നദികളിലെ വെള്ളം സംബന്ധിച്ച വിവരങ്ങൾ നൽകാനും വിസമ്മതിച്ചിരുന്നു.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങും ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ബ്രിക്സ്, ജി–20 ഉച്ചകോടിയോട് അനുബന്ധിച്ചു ചർച്ച നടത്തുമെന്നും സവോഹുയി പറഞ്ഞു. ഇന്ത്യയും ചൈനയും പരസ്പര സഹകരണത്തോടെ അഫ്ഗാനിസ്ഥാനിൽ നയതന്ത്രജ്ഞർക്കു പരിശീലനം നൽകുന്ന പരിപാടിക്കു തുടക്കം കുറിക്കുമെന്നു ചോദ്യങ്ങൾക്കു മറുപടിയായി അദ്ദേഹം പറഞ്ഞു. ഈ വർഷമാദ്യം മോദിയും ചിൻ പിങ്ങും വുഹാനിൽ നടത്തിയ ചർച്ചയിൽ അഫ്ഗാനിസ്ഥാനിൽ സാമ്പത്തിക പദ്ധതിയിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ ധാരണയായിരുന്നു.