തിരുവനന്തപുരം∙ ഭക്ഷ്യ സുരക്ഷാ പരിശോധനയിൽ കൃത്രിമ നിറങ്ങൾ അനുവദനീയമായ അളവിലും വളരെ കൂടുതൽ കലർത്തിയതിനാൽ ടൈംപാസ് ലോലിപോപ് എന്ന മിഠായിയുടെ വിൽപന സംസ്ഥാനത്തു നിരോധിച്ചു. കുട്ടികളെയും വിദ്യാർഥികളേയും ആകർഷിക്കുന്ന തരത്തിൽ നിറങ്ങൾ കൂടുതൽ ചേര്‍ത്തതിനാലാണു വിൽപന പൂർണമായും തടഞ്ഞുകൊണ്ടു സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണർ എം.ജി. രാജമാണിക്യം ഉത്തരവിറക്കിയത്.
ചെന്നൈയിലെ അലപ്പാക്കത്തു പ്രവർത്തിക്കുന്ന അഭിഷേക് കോട്ടേജ് ഇൻഡസ്ട്രീസ് എന്ന സ്ഥാപനമാണ് ഈ മിഠായിയുടെ നിർമാതാക്കൾ. കമ്പനിയുടെ വിവിധ നിറത്തിലുള്ള മിഠായികളിൽ അനുവദനീയമായതിലും കൂടുതൽ കൃത്രിമ നിറങ്ങൾ ഉൾപ്പെടുത്തിയതായി പരിശോധനയിൽ കണ്ടെത്തി. ഇത്തരം നിറങ്ങളുടെ അമിത ഉപയോഗം കുട്ടികളിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും മറ്റു ജീവിതശൈലി രോഗങ്ങൾക്കും കാരണമായേക്കാമെന്നതിനാലാണു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നടപടി.
ചെന്നെയിലെ സ്ഥാപനത്തിനെതിരെയും മൊത്ത കച്ചവടം നടത്തുന്ന കച്ചവടക്കാർക്കെതിരെയും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരമുള്ള പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ നിർദേശം നൽകി.