Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘നൂറാം വയസിൽ പത്താം ക്ലാസ് പാസാകണം’: കണ്ടുപഠിക്കണം ഈ മുത്തശ്ശിയെ

Karthyayani-Amma-Exam-1 ഹരിപ്പാട് മുട്ടം കണിച്ചനല്ലൂർ എൽപി സ്കൂളിൽ ‘അക്ഷരലക്ഷം’ പരീക്ഷയെഴുതുന്ന കാർത്യായനിയമ്മ. സമീപം എൺപതുകാരൻ സഹപാഠി രാമചന്ദ്രൻ. ചിത്രം: സജിത്ത് ബാബു

ആലപ്പുഴ∙ ‘അക്ഷരം വെളിച്ചമാണ്, അതഗ്നിയാണ്, പൊള്ളലാണ്’– മുല്ലനേഴി മാഷിന്റെ വരികൾ കേരളം ഏറ്റുചൊല്ലുകയാണ്. വിറയാർന്ന കൈ കൊണ്ടു തൊണ്ണൂറ്റാറുകാരി കാർത്യായനിയമ്മ സാക്ഷരതാമിഷൻ ‘അക്ഷരലക്ഷം’ പരീക്ഷയുടെ ഉത്തരക്കടലാസിലെഴുതിയ വാക്കുകൾ പ്രചോദനം പകരുന്നത് അക്ഷരങ്ങളെ അറിയാത്തവർക്കു മുഴുവനുമാണ്. പഠിക്കാൻ വൈകിയെന്നു കരുതുന്നവർക്കെല്ലാം കാർത്യായനിയമ്മ ഒരു വഴിവിളക്കാണ്. പ്രായം ഒന്നിനും തടസ്സമല്ലെന്ന ഓർമപ്പെടുത്തലും.

Karthyayani Amma 2 പരീക്ഷയ്ക്കു മുൻപു പ്രാർഥിക്കുന്ന കാർത്യായനിയമ്മ. ചിത്രം: സജിത്ത് ബാബു

‘പഠിച്ചതത്രയും ചോദിച്ചില്ലല്ലോ ?’ അക്ഷരലക്ഷം പരീക്ഷയുടെ കാര്യം തിരക്കാൻ ഓടിയെത്തിയ സതി ടീച്ചറോടു കാർത്യായനിയമ്മ ആദ്യം പങ്കുവച്ചത് ഈ കൊച്ചു പരിഭവമായിരുന്നു. സാക്ഷരതാ മിഷൻ പ്രേരകായ സതി ടീച്ചർ ആദ്യം ഒന്നമ്പരന്നു, പിന്നെ പൊട്ടിച്ചിരിച്ചു. കാരണം പഠിച്ചതത്രയും വന്നില്ലെന്നു പരിഭവം പറയുന്നതു അക്ഷരലക്ഷം പരീക്ഷയെഴുതിയ കേരളത്തിലെ ഏറ്റവും മുതിർന്ന ‘കുട്ടി’യാണ്, തൊണ്ണൂറ്റാറു വയസുള്ള മുതുമുത്തശ്ശിയാണ്. സംസ്ഥാനത്ത് ഇത്തവണ സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയെഴുതിയത് 40,603 പേരാണ്. അതിലെ ‘വലിയ കുട്ടി’യാണു ഹരിപ്പാട് മുട്ടം കണിച്ചനല്ലൂർ എൽപി സ്കൂളിൽ പരീക്ഷയെഴുതാനെത്തിയത്. 

Karthyayani Exam പരീക്ഷയ്ക്കിടെ കാർത്യായനിയമ്മ. ചിത്രം: സജിത്ത് ബാബു

‘മുതിർന്ന കുട്ടികൾ’ പലരും വീട്ടിൽ മടി പിടിച്ചിരുന്നപ്പോൾ പരീക്ഷാഹാളിൽ അരമണിക്കൂർ നേരത്തേയെത്തി മുൻ ബഞ്ചിൽ ഇടം പിടിച്ചു ഈ മുതുമുത്തശ്ശി. പ്രാർഥനയോടെ തുടക്കം, ചോദ്യപേപ്പർ കിട്ടിയപ്പോൾ ശ്രദ്ധ മുഴുവൻ അതിലേക്ക്. തൊട്ടടുത്തിരുന്ന എൺപതുകാരൻ സഹപാഠി രാമചന്ദ്രൻ ഉത്തരപേപ്പറിലേക്കു നോക്കാൻ ചെറിയ ശ്രമങ്ങളൊക്കെ നടത്തിയപ്പോഴും കാർത്യായനിയമ്മ ചിരിച്ചതേയുള്ളു. പരീക്ഷാ ചുമതലക്കാർ കണ്ണുരുട്ടിയപ്പോൾ രാമചന്ദ്രനും നല്ല കുട്ടിയായി. പരീക്ഷ കഴിഞ്ഞപ്പോൾ വായനാ വിഭാഗത്തിൽ ഫുൾ മാർക്ക് . എഴുത്തു പരീക്ഷയിൽ മുക്കാലും ഉറപ്പെന്നു മുത്തശ്ശിയുടെ വാക്ക് .

ഒന്നുകൂടി പഠിക്കണമെന്ന ആഗ്രഹം ഹരിപ്പാട് ചേപ്പാട് സ്വദേശിനിയായ കാർത്യായനിയമ്മയ്ക്ക് തോന്നുന്നത് സാക്ഷരതാ മിഷൻ പ്രവർത്തകർ കഴിഞ്ഞ ജനുവരിയിൽ വീട്ടിലെത്തിയപ്പോഴാണ്. അപ്പോൾ പ്രായം ‘വെറും’ 96. പഠിക്കണമെന്നു പറഞ്ഞതു തമാശയ്ക്കെന്നാണു സാക്ഷരതാ മിഷൻ പ്രേരകായ കെ.സതി ആദ്യം കരുതിയത്. എന്നാൽ കാർത്യായനിയമ്മ സീരിയസായിരുന്നു. മുതുമുത്തശ്ശി അക്ഷര ലോകത്തിൽ രണ്ടാമത്തെ ഹരിശ്രീ കുറിച്ചതോടെ പഠിക്കാൻ മടിച്ചു നിന്ന പലരും മുന്നോട്ടുവന്നെന്നു സാക്ഷരതാ മിഷൻ ജില്ലാ കോ–ഓർഡിനേറ്റർ ഹരിഹരൻ ഉണ്ണിത്താൻ പറയുന്നു.

തുല്യതാ പരീക്ഷയ്ക്കു മുൻപായുള്ള അക്ഷരലക്ഷം പരീക്ഷയ്ക്കായി ആറു മാസത്തിലധികം നീണ്ട ചിട്ടയായ പഠനം. ‘പിള്ളേരു പഠിച്ചില്ലേലും അമ്മ പഠിക്കുന്നുണ്ട് . വീടിനായി ഒരുപാടു കഷ്ടപ്പെട്ട അമ്മ ഇപ്പോൾ പുസ്തകമൊക്കെ വായിച്ച് സന്തോഷമായിരിക്കുന്നു. ഇതു കാണുമ്പോ ഞങ്ങളും ഹാപ്പി’. സാക്ഷരതാ മിഷൻ തുല്യതാ പരീക്ഷ കഴിഞ്ഞ വർഷം പാസായ മകൾ അമ്മിണിയമ്മയും കൊച്ചുമക്കളും അവരുടെ മക്കളുമെല്ലാം കട്ട സപ്പോർട്ടുമായി മുത്തശ്ശിക്കൊപ്പമുണ്ട്.

Karthyayani Amma Exam പരീക്ഷയ്ക്കു ശേഷം കാർത്യായനിയമ്മ. ചിത്രം: സജിത്ത് ബാബു

കണിച്ചനെല്ലൂരിലെ അക്ഷരലക്ഷം പരീക്ഷാ കേന്ദ്രത്തിൽ നിന്നു നിറഞ്ഞ ചിരിയോടെ കാർത്യായനിയമ്മ വീട്ടിലേക്കു മടങ്ങിയത് വിശ്രമിക്കാനല്ല, നാലാം ക്ലാസ് തുല്യതാ പരീക്ഷയുടെ പഠനത്തിരക്കുകളിലേക്കായിരുന്നു. അടുത്ത വർഷം നാലാം ക്ലാസ് തുല്യതാ പരീക്ഷ, പിന്നെ ഏഴ്. നൂറാം വയസിൽ പത്തു പാസാകണം. മാസ്റ്റർപ്ലാനുമായാണു കേരളത്തിലെ മുതിർന്ന ‘വിദ്യാർഥിനി’ കാർത്യായനിയമ്മയുടെ പഠനം.

Karthyayani Exam കാർത്യായനിയമ്മ കുട്ടികൾക്കൊപ്പം. ചിത്രം: സജിത്ത് ബാബു