മീററ്റ്∙ ബി.ആർ. അംബേദ്കറിന്റെ പ്രതിമയ്ക്കു ബിജെപി നേതാവ് മാല ചാർത്തിയതിനുപിന്നാലെ ദലിത് അഭിഭാഷകരുടെ ‘ശുദ്ധിക്രിയ’. പ്രതിമയിൽ പാലും ഗംഗാജലവും ഉപയോഗിച്ചാണു ശുദ്ധിക്രിയ നടത്തിയത്. ഉത്തർപ്രദേശിലെ മീററ്റിലാണു സംഭവം. ജില്ലാ കോടതിക്കു സമീപം സ്ഥാപിച്ചിരിക്കുന്ന അംബേദ്കറുടെ പ്രതിമയിൽ ബിജെപി സംസ്ഥാന സെക്രട്ടറി സുനിൽ ബൻസാൽ വെള്ളിയാഴ്ചയാണു ഹാരാർപ്പണം നടത്തിയത്.
പിന്നാലെതന്നെ ദലിത് വിഭാഗത്തിലെ അഭിഭാഷകരെത്തി ശുദ്ധിക്രിയകൾ ചെയ്യുകയായിരുന്നു. ‘ആർഎസ്എസിന്റെ രാകേഷ് സിൻഹയാണ് പ്രതിമയിൽ ഹാരാർപ്പണം നടത്തിയത്. ബിജെപി സർക്കാർ ദലിത് വിരുദ്ധരാണ്. അംബേദ്കറുടെ പേരുപയോഗിച്ചു ദലിത് വിഭാഗക്കാരെ ആകർഷിക്കുക മാത്രമാണ് അവരുടെ താൽപര്യം’ – അഭിഭാഷകൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
അതിനിടെ, ഉത്തർപ്രദേശിലെ ഹാമിർപുർ നഗരത്തിലെ ക്ഷേത്രത്തിൽ ബിജെപി എംഎൽഎ മനീഷ് അനുരാഗി ദർശനം നടത്തിയതിനുപിന്നാലെ ശുദ്ധിക്രിയകൾ ചെയ്തതായും എഎൻഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞമാസമായിരുന്നു ഈ സംഭവം. വിഗ്രഹങ്ങളുൾപ്പെടെ ഗംഗാജലത്തിൽ മുക്കി ശുദ്ധിക്രിയകൾ ചെയ്തെന്നാണ് റിപ്പോർട്ട്.