തിരുവനന്തപുരം∙ കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ നഴ്സുമാരുടെ സംഘടന യുഎൻഎ തീരുമാനിച്ചു. 11 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറും. സർക്കാർ ആവശ്യപ്പെടുന്ന മേഖലയിൽ നഴ്സുമാരുടെ സേവനം നൽകും. ചൊവ്വാഴ്ച മുതൽ ആലപ്പുഴ, പാലക്കാട്, ഇടുക്കി, വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിൽ യുഎൻഎയുടെ നേത്യത്വത്തിലുള്ള നഴ്സുമാർ സേവനസജ്ജരാകും. അരി, പഞ്ചസാര, പലവ്യഞ്ജനങ്ങൾ, പുതപ്പ്, വസ്ത്രങ്ങൾ കൈമാറും.
പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന യുഎൻഎ അംഗങ്ങൾക്കു പൂർണമായ സഹായം നൽകും. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് യുഎൻഎയുടെ ഓണാഘോഷ പരിപാടികൾ മാറ്റിവയ്ക്കാനും അതിനായി സ്വരൂപിച്ച തുകകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനും തീരുമാനിച്ചു. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ഓഗസ്റ്റിൽ നിശ്ചയിച്ച മുഴുവൻ യൂണിറ്റ് സമ്മേളനങ്ങളും മാറ്റിവച്ചിട്ടുണ്ട്.