മംഗളൂരു∙ കൊച്ചിക്കു സമീപം ബോട്ടിൽ ഇടിച്ചത് മംഗളൂരുവിൽ പിടിച്ചിട്ട എംവി ദേശശക്തി എന്ന കപ്പൽ തന്നെയെന്നു സ്ഥിരീകരണം. ഇതേത്തുടർന്നു കപ്പലിന്റെ ക്യാപ്റ്റനെയും സംഭവ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു ജീവനക്കാരെയും മംഗളൂരു തുറമുഖത്തു വച്ച് കൊച്ചി മട്ടാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ബുധനാഴ്ച രാവിലെ കൊച്ചിയിലെത്തിക്കും.
ക്രൂഡ് ഓയിൽ കൊണ്ടു വരുന്നതിനായി ചെന്നൈയിൽനിന്ന് ഇറാനിലേക്കു പോകവേയാണു കപ്പൽ ബോട്ടിൽ ഇടിച്ചത്. തങ്ങൾ ബോട്ടിൽ ഇടിച്ചിട്ടില്ലെന്ന നിലപാടിൽ കപ്പൽ ഇറാനിലേക്കു യാത്ര തുടരുകയും ചെയ്തിരുന്നു. പിന്നീടു ഷിപ്പിങ് ഡയറക്ടർ ജനറലിന്റെ നിർദേശപ്രകാരം കപ്പൽ മംഗളൂരു മേഖലയിൽ കടലിൽ നങ്കൂരമിടുകയും പുതുമംഗളൂരു തുറമുഖത്ത് എത്തിച്ചു പരിശോധിക്കുകയുമായിരുന്നു. കപ്പലിന്റെ വെള്ളത്തിനു മുകളിലുള്ള ഭാഗത്തു നടത്തിയ പരിശോധനയിൽ ബോട്ടിൽ ഇടിച്ചതിന്റെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ മുംബൈയിൽനിന്നെത്തിയ മുങ്ങൽ വിദഗ്ദ്ധരുടെ സഹായത്തോടെ ഞായറാഴ്ച മുതൽ അടിഭാഗത്തു പരിശോധന നടക്കുകയായിരുന്നു.
വെള്ളത്തിനടിയിലുള്ള ഭാഗങ്ങൾ വിഡിയോ ചിത്രീകരിച്ചു പരിശോധന നടത്തിയതിലാണ് ഇന്നലെ ഉച്ചയോടെ ബോട്ടിൽ ഇടിച്ചതിന്റെ സൂചനകൾ ലഭിച്ചത്. തുടർന്നു മംഗളൂരുവിൽ ക്യാംപ് ചെയ്തിരുന്ന മട്ടാഞ്ചേരി പൊലീസ് സംഘം കപ്പിത്താനടക്കം മൂന്നു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുനമ്പത്തുനിന്നു 44 കി.മീ. മാറി കടലിൽ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ മലയാളി അടക്കം നാലുപേർ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. എട്ടുപേരെ കാണാതായി. ഓഷ്യാനിക് എന്ന ബോട്ടിലാണു കപ്പലിടിച്ചത്.