ന്യൂഡൽഹി∙ നാളെ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കാനിരിക്കെ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ തന്ത്രപ്രധാന മേഖലകളില്‍ ത്രിതല സുരക്ഷ ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ ഗതാഗത നിയന്ത്രണമുണ്ടെങ്കിലും സ്വാതന്ത്ര്യദിനത്തില്‍ ഇത്തവണ മെട്രോ സ്റ്റേഷനുകള്‍ അടച്ചിടില്ല.
സ്വാതന്ത്ര്യദിനത്തിനായി സുരക്ഷാ ശക്തമാക്കിയതിനിടെയാണ് പാര്‍ലമെന്റിന് സമീപം ജെഎൻയു വിദ്യാർഥി നേതാവ് ഉമര്‍ ഖാലിദിനു നേരെ വധശ്രമമുണ്ടായത്. വലിയ സുരക്ഷാവീഴ്ചയാണു സംഭവിച്ചതെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ വിലയിരുത്തി. ഇതിനുപുറമെ രണ്ടു ജയ്ഷെ മുഹമ്മദ് ഭീകരര്‍ ഡല്‍ഹിയിലേക്കു കടന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ഡല്‍ഹിയടക്കം എട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ത്രിതല സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
മെട്രോ സ്റ്റേഷന്‍, വിമാനത്താവളങ്ങള്‍, സൈനിക ക്യാംപുകള്‍ എന്നിവിടങ്ങളില്‍ സൈന്യത്തിന്റെ കാവലിനുപുറമെ ആകാശനിരീക്ഷണവും ഏര്‍പ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയുടെ നിയന്ത്രണം സൈന്യം എറ്റെടുത്തു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഡ്രസ് റിഹേഴ്സല്‍ കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ നടന്നു. പ്രധാന റോഡുകളില്‍ ബുധനാഴ്ച വൈകീട്ടുവരെ ഓരോ പത്തു മിനുട്ടിലും സൈന്യത്തിന്‍റെ പട്രോളിങ് നടക്കും. കശ്മീര്‍ താഴ്‍വരയില്‍ പാരാ കമാന്‍ഡോകള്‍ക്കാണു സുരക്ഷാചുമതല. അതിര്‍ത്തിഗ്രാമങ്ങളില്‍ ബിഎസ്എഫിനു പുറമെ അര്‍ധസൈനിക വിഭാഗത്തെയും വിന്യസിച്ചു.
അസം പൗരത്വ റജിസ്റ്റര്‍ വിവാദം കത്തിനില്‍ക്കെ ബംഗ്ലദേശ് അതിര്‍ത്തിയില്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ സംസ്ഥാന പൊലീസിനൊപ്പം സൈന്യവും സുരക്ഷയൊരുക്കും. അവസാനവട്ട സുരക്ഷാ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ നേതൃത്വത്തില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ ഉന്നതലയോഗം ചേര്‍ന്നു.