ഗാങ്ടോക്∙ ദോക് ലായിലെ അതിർത്തി സംഘർഷത്തിനിടയിലും നാഥുല അതിർത്തിയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ പരസ്പരം മധുരം നൽകി. ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചായിരുന്നു മധുര വിതരണം. ഇരുരാജ്യങ്ങളുടെയും സൈനിക ഓഫിസർമാർ പങ്കെടുക്കുന്ന ഔദ്യോഗിക ചടങ്ങ് മുൻ വർഷങ്ങളിലുണ്ടായിരുന്നെങ്കിലും ഇത്തവണ ഒഴിവാക്കി. ഇരുരാജ്യങ്ങളുടെയും സൈനികർ രണ്ടുമാസമായി മുഖാമുഖം നിൽക്കുന്ന ദോക് ലായിൽ നിന്ന് 25 കിലോമീറ്റർ മാത്രം അകലെയാണു നാഥുല.
സാരിയുടെ പകിട്ടിൽ യുഎസ് പ്രതിനിധി
ന്യൂഡൽഹി∙ ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ഇന്ത്യയിലെ യുഎസ് നയതന്ത്രപ്രതിനിധി മേരി കേ കാൾസൺ എത്തിയതു കാഞ്ചിപുരം പട്ടുസാരിയുടുത്ത്. വൈകിട്ട് രാഷ്ട്രപതിഭവനിൽ നടന്ന ചടങ്ങിലും സാരി തന്നെയായിരുന്നു വേഷം. ഈ മാസമാദ്യം കൊണാട്ട് പ്ലേസിലെ ഖാദി കേന്ദ്രം സന്ദർശിച്ച യുഎസ് നയതന്ത്രജ്ഞ നാലു സാരി തിരഞ്ഞെടുത്തിരുന്നു. നാലു സാരികളുടെയും ഫോട്ടോ സമൂഹമാധ്യമങ്ങളിൽ നൽകി കൂടുതൽ പേർക്കിഷ്ടപ്പെട്ട കാഞ്ചിപുരം സാരിയാണു ചെങ്കോട്ടയിലെ ചടങ്ങിനായി തിരഞ്ഞെടുത്തത്. രണ്ടാമതെത്തിയ ടസ്സർ സിൽക്ക് രാഷ്ട്രപതി ഭവനിലെ ചടങ്ങിനായി തിരഞ്ഞെടുത്തു. ഇതാദ്യമായാണു സാരി ഉടുക്കുന്നതെന്നു ട്വീറ്റ് ചെയ്ത മേരി കേ, ടസ്സർ സിൽക്കിൽ അണിഞ്ഞൊരുങ്ങിയ ചിത്രവും പങ്കുവച്ചു. ഹിന്ദിയിൽ ഒരു വരി സ്വാതന്ത്ര്യദിനാശംസ കൂടി ട്വീറ്റ് ചെയ്താണ് ഇന്ത്യയോടുള്ള താൽപര്യം യുഎസ് പ്രതിനിധി പ്രകടിപ്പിച്ചത്. മഹത്തായ ജനാധിപത്യ രാജ്യത്തിന്റെ പങ്കാളിയായതിൽ അമേരിക്ക അഭിമാനിക്കുന്നുവെന്നു മേരി കേ പറഞ്ഞു.
മോദിക്ക് ട്രംപിന്റെ ഫോൺ ആശംസ
വാഷിങ്ടൻ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു സ്വാതന്ത്ര്യദിനാശംസ നേർന്നു. ഇന്ത്യ– പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും വർധിപ്പിക്കുന്നതിനു മന്ത്രിതല സംഭാഷണങ്ങൾ ആരംഭിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. അമേരിക്കയിലെ ടെക്‌സസിൽ നിന്ന് ഇതാദ്യമായി ഇന്ത്യയിലേക്ക് എണ്ണ കയറ്റുമതി ആരംഭിക്കുന്നതിനെ ട്രംപ് സ്വാഗതം ചെയ്തു. ഇന്ത്യയുടെ ദീർഘകാല ഊർജ പങ്കാളിയാകാൻ അമേരിക്ക തയാറാണെന്നു ട്രംപ് അറിയിച്ചു. ഉത്തര കൊറിയൻ ഭീഷണിക്കെതിരെ ശക്തമായി പ്രതികരിച്ച ട്രംപിനെ മോദി അഭിനന്ദിച്ചു.