തിരുവനന്തപുരം∙ കെഎസ്ആർടിസിയില്‍ രാത്രികാല സര്‍വീസുകളില്‍ സിംഗിള്‍ ഡ്യൂട്ടി നിര്‍ബന്ധമാക്കുന്നു. ഇന്നലെ കൊല്ലം കൊട്ടിയം ഇത്തിക്കരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ മൂന്നു പേർ മരിച്ചിരുന്നു. ഡബിള്‍ ഡ്യൂട്ടി ചെയ്യുകയായിരുന്ന ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണു അപകടത്തിനു കാരണമെന്നാണു നിഗമനം. ഈ പശ്ചാത്തലത്തിലാണു നടപടി.
കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാന്‍ തീരുമാനിച്ചതാണ്. എന്നാല്‍ ജീവനക്കാരുടെ സംഘടനകൾ എതിർത്തതിനാൽ പൂര്‍ണമായി നടപ്പിലാക്കാനായില്ല. ഡബിള്‍ ഡ്യൂട്ടി എടുത്താല്‍ അടുത്ത ദിവസം ജോലിക്കു ഹാജരാകേണ്ട എന്നതാണ് ആകര്‍ഷണം. ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന ബസുകളില്‍ നാലു ഡ്യൂട്ടിവരെ ഒറ്റയടിക്കു ചെയ്യുന്നവരുണ്ട്.
മൂന്നോ നാലോ മണിക്കൂര്‍ വിശ്രമം മാത്രമാണ് ഇവര്‍ക്കു കിട്ടുന്നത്. ഡ്രൈവിങ്ങിനിടെ ഉറക്കം വരാതിരിക്കാൻ കാന്താരി മുളക് കടിക്കലും കണ്ണില്‍ വിക്സ് പുരട്ടലുമൊക്കെയാണു ഡ്രൈവർമാർ ചെയ്യുന്നത്. ദീര്‍ഘദൂര സര്‍വീസുകളില്‍ ഒരു ഡ്രൈവർ എട്ടുമണിക്കൂര്‍ ബസോടിച്ചാൽ മതി. ഡ്രൈവര്‍മാരുടെ ജോലിഭാരം കുറയ്ക്കാന്‍ ക്രൂ ചെയിഞ്ചും ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനവും ഏര്‍പ്പെടുത്തും.